കൊല്‍ക്കത്ത:ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിലെ (India vs England Ranchi Test) വീരോചിത പ്രകടനത്തിന് പിന്നാലെ ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ (Dhruv Jurel) ഇതിഹാസ താരം എംഎസ് ധോണിയുമായി (MS Dhoni ) പലരും താരതമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ആയിട്ടില്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലി (Sourav Ganguly). ഇരുവരും തമ്മില്‍ ചില സമാനതകളുണ്ടെങ്കിലും ധോണി ഇപ്പോഴത്തെ ധോണി ആയത് വര്‍ഷങ്ങള്‍ കൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്.
ജുറെലിനെ ഇപ്പോള്‍ കളിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. "ധ്രുവ് ജുറെല്‍, സമ്മര്‍ദ സാഹചര്യത്തില്‍ പ്രയാസമുള്ള ഒരു വിക്കറ്റില്‍ മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. അവനില്‍ വലിയ പ്രതിഭയുണ്ട്.
എന്നാല്‍ എംസ് ധോണി ഏറെ വ്യത്യസ്‌തനാണ്. ജുറെലിന് കഴിവുണ്ട് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ ധോണിയ്‌ക്ക് ധോണിയാവന്‍ 20 വര്‍ഷങ്ങളങ്ങളോളം വേണ്ടി വന്നു. അതല്ലെങ്കില്‍ 15 വര്‍ഷങ്ങളെങ്കിലും ധോണിയ്‌ക്ക് ധോണിയാവാന്‍ ആവശ്യമായി വന്നു.
അതിനാല്‍ തന്നെ ജുറെലിനെ ഇപ്പോള്‍ കളിക്കാന്‍ അനുവദിക്കൂ. സ്‌പിന്നിനെതിരെ ആയാലും പേസിനെതിരെ ആയാലും സമ്മര്‍ദ സാഹചര്യത്തില്‍ മികച്ച രീതിയില്‍ കളിക്കാന്‍ ജുറെലിന് കഴിവുണ്ട്. ഒരു യുവ താരത്തില്‍ നമുക്ക് വേണ്ട കാര്യമാണത്" സൗരവ് ഗാംഗുലി പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍റെ പ്രതികരണം.