ന്യൂഡല്‍ഹി:ടി20 ലോകകപ്പ് അടുത്തിരിക്കെഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ മോശം പ്രകടനം കണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ബിസിസിഐ മുൻ പ്രസിഡന്‍റും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ടീം ഡയറക്‌ടറുമായ സൗരവ് ഗാംഗുലി. വലിയ ടൂര്‍ണമെന്‍റുകളില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്ന താരമാണ് രോഹിത് ശര്‍മയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് - ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിന് മുന്നോടിയായാണ് ഗാംഗുലിയുടെ പ്രതികരണം.
ഐപിഎല്ലില്‍ രോഹിത് ശര്‍മയുടെ മറ്റൊരു മോശം സീസണ്‍ ആണ് ഇത്തവണത്തേത്. ഇക്കൊല്ലം ഇതുവരെ കളിച്ച 13 കളികളില്‍ നിന്നും മുംബൈ ഓപ്പണര്‍ക്ക് നേടാനായത് 29.08 ശരാശരിയില്‍ 349 റണ്‍സാണ്. മികച്ച രീതിയില്‍ സീസണ്‍ തുടങ്ങിയെങ്കിലും പിന്നീട് ഇതേ മികവ് ആവര്‍ത്തിക്കാൻ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്.
ഈ സാഹചര്യത്തിലാണ് ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിത് ശര്‍മയ്‌ക്ക് പിന്തുണയുമായി സൗരവ് ഗാംഗുലി രംഗത്ത് എത്തിയത്. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി ജൂണ്‍ ഒന്നിനാണ് ഇത്തവണത്തെ ടി20 ലോകകപ്പ് ആരംഭിക്കുന്നത്. രോഹിതിന്‍റെ ഫോമില്‍ ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ...
'ടി20 ലോകകപ്പിന് ഇന്ത്യയുടേത് ഏറ്റവും മികച്ച ടീമാണ്. ലോകകപ്പില്‍ രോഹിത് ശര്‍മ മികച്ച രീതിയില്‍ തന്നെ കളിക്കും. വലിയ ടൂര്‍ണമെന്‍റുകളില്‍ എന്നും നല്ലപോലെ കളിക്കുന്ന താരം കൂടിയാണ് രോഹിത്. ലോകകപ്പ് പോലൊരു വേദിയിലേക്ക് എത്തുമ്പോള്‍ രോഹിത് താളം കണ്ടെത്തുക തന്നെ ചെയ്യും'- ഗാംഗുലി വ്യക്തമാക്കി.
അതേസമയം, ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയ്‌ക്ക് വേണ്ടി ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം എന്ന കാര്യത്തിലും ഡല്‍ഹി ടീം ഡയറക്‌ടര്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കി. ഐപിഎല്ലില്‍ മികച്ച ഫോമില്‍ കളിക്കുന്ന വിരാട് കോലി വേണം രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യയുടെ ഓപ്പണറായി ക്രീസിലേക്ക് എത്തേണ്ടത് എന്നാണ് ഗാംഗുലിയുടെ അഭിപ്രായം.
Also Read :'എന്തായാലും ഇതെന്‍റെ അവസാനത്തേത്'; ആരാധകരെ ഞെട്ടിച്ച് രോഹിത്തിന്‍റെ വാക്കുകള്‍, കൊൽക്കത്ത പരിശീലകനുമായുള്ള സംഭാഷണം വൈറല്‍ - Rohit Sharma Abhishek Nayar Chat
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി , സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിങ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍