ഹൈദരാബാദ് : ടെസ്റ്റ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലി ഇന്ത്യയില്‍ നടക്കില്ലെന്ന് മുന്‍ താരവും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. ഹൈദരാബാദില്‍ ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഗാംഗുലിയുടെ പ്രതികരണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ടീം സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'വേഗത്തില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്ന സമീപനമാണ് ബാസ്‌ബോള്‍ കൊണ്ട് ഇംഗ്ലണ്ട് ഉദ്ദേശിക്കുന്നത്. ആ ശൈലിയില്‍ അവര്‍ക്ക് ഇന്ത്യയില്‍ കളിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. സ്‌പിന്നിന് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്' - സൗരവ് ഗാംഗുലി പറഞ്ഞു (Sourav Ganguly About Bazball In India). ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നിലവില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര 4-0 അല്ലെങ്കില്‍ 5-0 എന്ന മാര്‍ജിനില്‍ ഇന്ത്യ സ്വന്തമാക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
'ഇംഗ്ലണ്ടിനെതിരായ പരമ്പര തീര്‍ച്ചയായും ഇന്ത്യ ആയിരിക്കും സ്വന്തമാക്കുന്നത്. 4-0 എന്ന മാര്‍ജിനിലാണോ അതോ 5-0 എന്ന മാര്‍ജിനിലാണോ ഇന്ത്യ പരമ്പര നേടുക എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്. പരമ്പരയിലെ ഓരോ മത്സരവും ഏറെ നിര്‍ണായകമാണ്.
ഹൈദരാബാദില്‍ ആദ്യ ഇന്നിങ്‌സില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് എന്തെങ്കിലും സാധ്യത ഉണ്ടാകുമായിരുന്നു. 230 അല്ലെങ്കില്‍ 240 റണ്‍സ് നേടിയിട്ട് ഇന്ത്യയില്‍ ടീമിനെ പരാജയപ്പെടുത്തുക എന്നത് ഏതൊരു എതിരാളികള്‍ക്കും ബുദ്ധിമുട്ടാണ്. ആദ്യ ഇന്നിങ്‌സില്‍ 350/400 റണ്‍സ് ഉണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കുമായിരുന്നു. നിലവിലെ, സാഹചര്യത്തില്‍ ഇംഗ്ലണ്ടിനും കാര്യങ്ങള്‍ കഠിനമായിരിക്കും'- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച സ്കോര്‍ കണ്ടെത്താന്‍ പൊരുതുകയാണ് നിലവില്‍ ഇംഗ്ലണ്ട്. നാലാം ദിനം മത്സരം ആരംഭിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 93 ഓവറില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 388 റണ്‍സ് നേടിയിട്ടുണ്ട്. ഒലീ പോപും (179) ടോം ഹാര്‍ട്‌ലിയുമാണ് (21) ക്രീസില്‍.
Also Read :ഔട്ടോ നോട്ട് ഔട്ടോ? രവീന്ദ്ര ജഡേജയുടെ പുറത്താകല്‍ വിവാദത്തില്‍
ഒന്നാം ഇന്നിങ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ഇതിനോടകം തന്നെ രണ്ടാം ഇന്നിങ്‌സില്‍ 198 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന്, രേഹാന്‍ അഹമ്മദിന്‍റെ വിക്കറ്റ് മാത്രമാണ് ആദ്യ മണിക്കൂറിനുള്ളില്‍ സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. 53 പന്തില്‍ 28 റണ്‍സ് നേടിയ രേഹന്‍റെ വിക്കറ്റ് ജസ്‌പ്രീത് ബുംറയാണ് സ്വന്തമാക്കിയത്.