ജയ്‌പൂര്‍: ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് ഐപിഎല്‍ 17-ാം സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നേടിയത്. സ്വന്തം തട്ടകമായ ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ 12 റണ്‍സിനായിരുന്നു സഞ്‌ജു സാംസണും സംഘവും മത്സരം പിടിച്ചത്. ഡല്‍ഹിക്ക് എതിരായ വിജയത്തിന് പിന്നാലെ മലയാളി താരത്തിന്‍റെ ക്യാപ്‌റ്റന്‍സിയെ പുകഴ്‌ത്തുകയാണ് സോഷ്യല്‍ മീഡിയ.
മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റുചെയ്‌ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്‌ജു സാംസണ്‍ എന്നീ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ റിയാന്‍ പരാഗ് നടത്തിയ മിന്നും പ്രകടനമാണ് രാജസ്ഥാന്‍ ഇന്നിങ്‌സിന് തുണയായത്. 45 പന്തില്‍ പുറത്താവാതെ ഏഴ് ബൗണ്ടറികളും ആറ് സിക്‌സറുകളും സഹിതം 84 റണ്‍സായിരുന്നു റിയാന്‍ പരാഗ് അടിച്ച് കൂട്ടിയത്.
ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 173 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഏറെ വിയര്‍ക്കാതെ തന്നെ നേടിയെടുക്കാന്‍ കഴിയുമായിരുന്ന ലക്ഷ്യത്തിലേക്ക് എത്താതെ ഡല്‍ഹിയെ തടഞ്ഞ് നിര്‍ത്തിയതില്‍ സഞ്‌ജുവിന്‍റെ ക്യാപ്റ്റന്‍സി ഏറെ നിര്‍ണായകമായെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്.
സമ്മര്‍ദ ഘട്ടത്തില്‍ ഏറെ ശാന്തനായി നിന്ന സഞ്‌ജു, ബോളര്‍മാരെ മികച്ച രീതിയിലായിരുന്നു റോട്ടേറ്റ് ചെയ്‌തത്. യുസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍ എന്നിവരെ കൃത്യ സമയത്ത് ഏറെ ഫലപ്രഥമായി ഉപയോഗപ്പെടുത്തി. സഞ്‌ജുവിന്‍റെ ഫീല്‍ഡിങ് പ്ലേസ്‌മെന്‍റും കിറുകൃത്യമായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.