പെര്‍ത്ത്: ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസ് വനിതകള്‍ സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന മൂന്നാം പോരാട്ടത്തില്‍ 83 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 298 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 45.1 ഓവറിൽ 215 റൺസിന് എല്ലാവരും പുറത്തായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെഞ്ച്വറി നേടിയ അന്നബെല്‍ സതര്‍ലാന്‍ഡിന്‍റേയും ഫിഫ്‌റ്റിയടിച്ച ആഷ്‌ലി ഗാര്‍ഡ്‌നര്‍, ക്യാപ്റ്റന്‍ തഹില മഗ്രാത്ത് എന്നിവരുടേയും മികച്ച പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി അരുന്ധതി റെഡ്ഡി നാല് വിക്കറ്റുകള്‍ വീഴ്ത്തി. അതേസമയം മത്സരത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യയുടെ സ്‌മൃതി മന്ദാന തന്‍റെ പേരിൽ റെക്കോർഡ് സ്ഥാപിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരെ 105 റൺസിന്‍റെ ഇന്നിങ്സ് നേടിയതോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമായി മന്ദാന മാറി. 109 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതം 105 റൺസാണ് മന്ദാനയുടെ ഇന്നിങ്‌സ്.
മന്ദാനയെ കൂടാതെ മറ്റു ആറ് കളിക്കാർ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയിട്ടുണ്ട്. എന്നാല്‍ നാല് സെഞ്ച്വറികൾ നേടിയാണ് മന്ദാന ഒന്നാം സ്ഥാനത്ത് എത്തിയത്. ഈ വർഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2 സെഞ്ചുറികളും ന്യൂസിലൻഡിനും ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഒരു സെഞ്ച്വറി വീതവും താരം നേടിയിട്ടുണ്ട്. 2024ൽ ഇതുവരെ 4 സെഞ്ചുറികൾ മന്ദാന സ്വന്തമാക്കിയത്. ഇതിൽ മൂന്നും ഹോം ഗ്രൗണ്ടിൽ നിന്നാണ് പിറന്നതാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മന്ദാന 117, 136 റൺസ് നേടിയിരുന്നു. ന്യൂസിലൻഡിനെതിരെ 100 റൺസും ഓസ്‌ട്രേലിയക്കെതിരെ 105 റൺസിന്‍റേയും ഇന്നിങ്സാണ് കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡും കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയിട്ടുണ്ട്.
Also Read:ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിക്ക് ഇന്ന് അഗ്നിപരീക്ഷ; ബാഴ്‌സയും ആഴ്‌സനലും കളത്തില്‍