കേരളം

kerala

'മടി കാരണം ടെന്നീസ് റാക്കറ്റ് താഴെവച്ചു, പിന്നെയെടുത്തത് പിസ്‌റ്റള്‍..!'; പാരിസില്‍ ഇന്ത്യൻ പ്രതീക്ഷയായി ഇരുപതുകാരി - Shooter Rhythm Sangwan

By ETV Bharat Kerala Team

Published : Jul 22, 2024, 1:16 PM IST

പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള റിഥം സങ്‌വാൻ. ചുരുങ്ങിയ കാലയളവില്‍ നാല് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നാല് ഐഎസ്എസ്എഫ് ലോകകപ്പ് സ്വര്‍ണ മെഡലുകളും സ്വന്തമാക്കിയ താരമാണ് റിഥം.

WHO IS RHYTHM SANGWAN  RHYTHM SANGWAN PROFILE  PARIS OLYMPICS 2024  റിഥം സങ്‌വാൻ  OLYMPICS 2024
RHYTHM SANGWAN (ETV Bharat)

'എല്ലാ കായിക താരങ്ങളെയും പോലെ എന്‍റെയും സ്വപ്‌നം ഒളിമ്പിക്‌സാണ്. ആ വേദിയില്‍ ഒരു സ്വര്‍ണം നേടാനായാല്‍ അതായിരിക്കും എന്‍റെ കരിയറിലെ തന്നെ വലിയ നേട്ടം'- 20 വയസില്‍ തന്നെ ഒളിമ്പിക്‌സ് ഗോള്‍ഡ് മെഡല്‍ സ്വപ്‌നം കാണുന്ന ഒരു പെണ്‍കുട്ടി അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണിത്. റിഥം സങ്‌വാൻ എന്നാണ് ആ കുട്ടിയുടെ പേര്. ദിവസങ്ങള്‍ക്കിപ്പുറം ലോകകായിക മാമാങ്കത്തിന് പാരിസില്‍ അരങ്ങ് ഉണരുമ്പോള്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളില്‍ ഒന്നായി ഈ ഇരുപതുകാരിയുമുണ്ട്.

ഇന്ത്യൻ ഷൂട്ടിങ്ങില്‍ ഉയര്‍ന്നുവരുന്ന താരങ്ങളില്‍ ഒരാളാണ് റിഥം സങ്‌വാൻ. ചുരുങ്ങിയ കാലയളവില്‍ തന്നെ നാല് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നാല് ഐഎസ്എസ്എഫ് (ഇന്‍റര്‍നാഷ്‌ണല്‍ ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷൻ) ലോകകപ്പ് സ്വര്‍ണ മെഡലുകളും സ്വന്തമാക്കിയ താരം. 25 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ഏഷ്യൻ ഒളിമ്പിക്‌സ് യോഗ്യത റൗണ്ടില്‍ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് പാരിസിലേക്ക് ടിക്കറ്റുറപ്പിച്ചത്.

RHYTHM SANGWAN (Instagram/rhythmsangwan)

ടെന്നീസ് കളിക്കാൻ മടിച്ചു, ഒടുവില്‍ എത്തിയത് ഷൂട്ടിങ്ങിലേക്ക്:കായിക മേഖലയില്‍ മികവ് തെളിയിക്കുന്ന പലര്‍ക്കും ആദ്യം പറയാനുണ്ടാകുക കുട്ടിക്കാലത്ത് അവര്‍ നടത്തിയ കഠിന പരിശ്രമങ്ങളുടെ കഥയായിരിക്കും. എന്നാല്‍, റിഥം സങ്‌വാന്‍റെ കാര്യത്തില്‍ സ്ഥിതി മറ്റൊന്നാണ്.

2003 ഡിസംബര്‍ 23ന് ഉത്തര്‍പ്രദേശ് മീററ്റിലെ കാലിന ഗ്രാമത്തിലായിരുന്നു റിഥം സങ്‌വാന്‍റെ ജനനം. റിഥം ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ഏര്‍പ്പെടണം എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍, അത് ഒരു പ്രൊഫഷൻ ആക്കേണ്ടെന്നും ഹോബിയായി മാത്രം കണ്ടാല്‍ മതിയെന്നുമുള്ള നിബന്ധനയും മുന്നോട്ടുവച്ചു.

അങ്ങനെ മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആദ്യം ടെന്നീസില്‍ താല്‍പര്യം വളര്‍ത്തിയെടുക്കാൻ റിഥം ശ്രമിച്ചു. തുടര്‍ന്ന് കോര്‍ട്ടില്‍ കളിക്കാനുമിറങ്ങി. എന്നാല്‍, അധികം വൈകാതെ തന്നെ പൊതുവെ മടിയുള്ള റിഥം സങ്‌വാൻ ഇത് അല്‍പം ശാരീരിക ശക്തി ആവശ്യമുള്ള കളിയാണെന്ന് മനസിലാക്കി ആ താല്‍പര്യം അങ്ങ് ഉപേക്ഷിച്ചു.

13വയസില്‍ ഡോ.കര്‍ണി സിങ് ഷൂട്ടിങ്ങ് റേഞ്ചിലേക്ക് എത്തിയതോടെയാണ് ഷൂട്ടിങ്ങിനോടുള്ള കമ്പം റിഥം സങ്‌വാനുണ്ടാകുന്നത്. റൈഫിളുകളുടെയും ബുള്ളറ്റുകളുടെയും ശബ്‌ദം കുഞ്ഞ് റിഥത്തെ ഷൂട്ടിങ്ങിലേക്ക് ആകര്‍ഷിച്ചു. പൊലീസുകാരനായിരുന്ന അച്ഛന്‍റെ കയ്യിലുള്ള തോക്ക് കുട്ടിക്കാലം മുതല്‍ക്ക് തന്നെ കണ്ടിരുന്നത് കൊണ്ട് യാതൊരു ഭയപ്പാടുമില്ലാതെയാണ് റിഥം ഷൂട്ടിങ് റേഞ്ചിലേക്ക് കയറി ഉന്നം പിടിച്ചത്.

RHYTHM SANGWAN (Instagram/rhythmsangwan)

അച്ഛന്‍റെ സുഹൃത്ത് വിനിത് കുമാറിന്‍റെ ഉപദേശങ്ങള്‍ സ്വീകരിച്ചാണ് മാര്‍ക് വുമണ്‍ ആകാനുള്ള യാത്ര റിഥം തുടങ്ങിയത്. വിനോദത്തിന് വേണ്ടിയാണ് ഷൂട്ടിങ്ങിലേക്ക് വന്നതെങ്കിലും തുടര്‍ച്ചയായ പരിശീലനങ്ങള്‍ റിഥത്തിലെ താരത്തെ കൂടുതല്‍ വളര്‍ത്തിയെടുത്തു.

RHYTHM SANGWAN (Instagram/rhythmsangwan)

ഷൂട്ടിങ്ങില്‍ നേട്ടം കൊയ്യുമ്പോഴും പഠനകാര്യത്തിലും പിന്നോട്ട് പോകാൻ റിഥം തയ്യാറായിരുന്നില്ല. 12-ാം ക്ലാസില്‍ 95 ശതമാനം മാര്‍ക്കോടെ വിജയിച്ച റിഥം സങ്‌വാൻ ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളജിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥി കൂടിയാണ്.

പ്രധാന നേട്ടങ്ങള്‍

  • വനിതകളുടെ 25 മീറ്റര്‍ പിസ്‌റ്റള്‍ ടീം ഇനത്തില്‍ ഏഷ്യൻ ഗെയിംസ് 2023 സ്വര്‍ണ മെഡല്‍
  • വനിതകളുടെ 25 മീറ്റര്‍ പിസ്‌റ്റള്‍ ടീം ഇനത്തില്‍ 2023ലെ ലോക ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം
  • ഐഎസ്‌എസ്‌എഫ് ലോകകപ്പില്‍ നാല് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും.
  • 2021 ലോക ജൂനിയര്‍ ചാമ്പ്യൻഷിപ്പില്‍ നാല് സ്വര്‍ണമെഡല്‍
  • ഏഷ്യൻ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പ് 2024-ല്‍ വെങ്കല മെഡല്‍
  • 2023ലെ ഐഎസ്‌എസ്‌എഫ് ലോകകപ്പ് യോഗ്യത റൗണ്ടില്‍ വേള്‍ഡ് റെക്കോഡ്. വനിതകളുടെ 25 മീറ്റര്‍ പിസ്‌റ്റള്‍ ഇവന്‍റില്‍ 595 പോയിന്‍റാണ് താരം നേടിയത്.
  • 20-ാം വയസില്‍ ഒളിമ്പ്ക്‌സില്‍ അരങ്ങേറ്റം.

Also Read :കുറിച്ചുവെച്ചോളൂ ഇവര്‍ കൊണ്ടുവരും മെഡല്‍; ഉന്നം പിടിക്കുന്നത് മെഡല്‍ പോഡിയത്തിലേക്ക്

Also Read : പാരിസില്‍ തകരുമോ ഈ റെക്കോഡുകള്‍...?; ചരിത്രം കുറിക്കാൻ ഇറങ്ങുന്ന താരങ്ങളെ അറിയാം

ABOUT THE AUTHOR

...view details