പൂനെ: പൂനെയിൽ പുതുവത്സരാഘോഷത്തിനുള്ള ക്ഷണിതാക്കൾക്ക് പബ്ബ് ഗര്‍ഭ നിരോധന ഉറകളും ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ORS) പാക്കറ്റുകളും അയച്ചുകൊടുത്ത സംഭവം വിവാദത്തില്‍. വിവാദമായതോടെ പബ്ബ് പാര്‍ട്ടി റദ്ദാക്കി. പബ്ബിനെതിരെ അന്വേഷണമുണ്ടാകുമെന്നും പാര്‍ട്ടിക്ക് ക്ഷണിക്കപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
പാർട്ടിക്ക് മുന്നോടിയായി പബ്ബ് മാനേജ്‌മെന്‍റ് ക്ഷണിതാക്കൾക്ക് അയച്ച ക്ഷണക്കത്തിനൊപ്പമാണ് കോണ്ടവും ഓആര്‍എസും അടങ്ങിയ ബാഗ് അയച്ചതെന്ന് മുണ്ഡ്‌വ പൊലീസ് സ്‌റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്‌പെക്‌ടർ നീലകാന്ത് ജഗ്‌താപ് പറഞ്ഞു.
ഹെൽമറ്റ് ഉപയോഗിക്കണമെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്നും ശരീരത്തില്‍ ജലാംശം നിലനിർത്തണമെന്നും ക്ഷണിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉപദേശത്തോടൊപ്പം പബ്ബ് മാനേജ്‌മെന്‍റ് തെരഞ്ഞെടുത്ത ചില കസ്‌റ്റമേഴ്‌സിന് ഹെൽമെറ്റുകളും അയച്ചു നല്‍കി. ഇതോടൊപ്പം ഒരു പാക്കറ്റ് കോണ്ടം അടങ്ങിയ ബാഗും നല്‍കിയിരുന്നു. പബ്ബിൽ സ്ഥിരമായി വരുന്ന, പുതുവത്സര പാർട്ടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന 40 ഓളം അതിഥികൾക്കാണ് ഇത് അയച്ചതെന്നും ജഗ്‌താപ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാക്കറ്റ് ലഭിച്ച അതിഥികളിലൊരാൾ ഈ സമ്മാന പാക്കറ്റിന്‍റെ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌തതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇത് വലിയ ജനരോഷത്തിന് ഇടയായി. തുടര്‍ന്ന് പാർട്ടി റദ്ദാക്കാൻ പബ്ബ് തീരുമാനിച്ചു. പൊലീസിന് ലഭിച്ച പരാതിയെ തുടർന്നാണ് അതിഥികളുടെയും മാനേജ്മെന്‍റിന്‍റെയും മൊഴിയെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുണ്ഡ്‌വ പൊലീസ് അറിയിച്ചു.
മഹാരാഷ്‌ട്ര യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അക്ഷയ് ജെയിനാണ് വിഷയത്തില്‍ പരാതി നല്‍കിയത്. തങ്ങൾ പബ്ബ് സംസ്‌കാരത്തിനോ രാത്രി ജീവിതത്തിനോ എതിരല്ലെന്നും എന്നാല്‍ ഇത്തരം ചീപ്പ് പബ്ലിസിറ്റിക്ക് എതിരാണെന്നും അക്ഷയ് ജെയിന്‍ വ്യക്തമാക്കി.
മയക്കുമരുന്നുകളുടെയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും കേസുകൾ ഇവിടെ വർദ്ധിച്ചിട്ടുണ്ടെന്നും ജെയിൻ പറഞ്ഞു. ഇത്തരം നടപടികൾ അപലപിക്കപ്പെടേണ്ടതാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജെയിൻ ആവശ്യപ്പെട്ടു.