ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ പരാതി പരിഹാര സംവിധാനമായ സെന്‍ട്രലൈസ്‌ഡ് പബ്ലിക് ഗ്രിവന്‍സ് റെഡ്രെസൽ ആന്‍ഡ് മോണിറ്ററിംഗ് സിസ്‌റ്റത്തിനായി (CPGRAMS) 270 കോടി രൂപ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. വിവിധ സർക്കാർ വകുപ്പുകളെ കുറിച്ചും സർക്കാർ ഉദ്യോഗസ്ഥരെ കുറിച്ചുമുള്ള പൊതുജനങ്ങളുടെ പരാതികൾ നൽകുന്ന പോർട്ടലാണ് സിപിജിആർഎഎംഎസ്. അടുത്ത തലമുറയ്‌ക്കായി പോർട്ടൽ മെച്ചപ്പെടുത്തുന്നതിനായാണ് പ്രഖ്യാപനമെന്ന് അദ്ദേഹം ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.
പോർട്ടലിലെ പരാതികൾ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടും. പരാതി പരിഹാര സമയം 12 ദിവസമായി കുറച്ചുവെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. 2024 നവംബർ വരെ 28 ലക്ഷത്തിലധികം ആളുകളാണ് സിപിജിആർഎഎംഎസിൽ പരാതികൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോകത്തിലെ ഏറ്റവും വലിയ സിറ്റിസൺ ഇൻ്റർഫേസ് പ്ലാറ്റ്‌ഫോമാണ് സിപിജിആർഎഎംഎസ്. പോർട്ടലിൽ ബഹുഭാഷാ പിന്തുണ, പരാതിയുടെ ട്രാക്കിങ്, കാര്യക്ഷമമായ ഫീഡ്‌ബാക്ക് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പോർട്ടലിൽ ലഭിക്കുന്ന പരാതികൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്നത് ഇതിന്‍റെ പ്രത്യേകതയാണ്.
കാൺപൂർ ഐഐടിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഇൻ്റലിജൻ്റ് ഗ്രീവൻസ് മോണിറ്ററിങ് സിസ്‌റ്റത്തിന്‍റെ (ഐജിഎംഎസ് 2.0) വിപുലമായ കഴിവുകളെക്കുറിച്ച് ജിതേന്ദ്ര സിങ് പറഞ്ഞു. സിപിജിആർഎഎംഎസിൽ ലഭിക്കുന്ന പരാതികൾ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും (എഐ), മെഷീൻ ലേണിംഗും (എംഎൽ) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
Also Read: എന്താണ് ഇമൈഗ്രേറ്റ് പോര്‍ട്ടല്‍; ഗുണങ്ങള്‍ എന്തൊക്കെ, വിശദമായി അറിയാം