ബെംഗളൂരു: തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചതിനും മുസ്‌ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചതിനും ബംഗ്ലാദേശ് സ്വദേശിക്ക് ഏഴ് വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. കൗസർ എന്ന ജാഹിദുൽ ഇസ്‌ലാമിനെയാണ് കോടതി ശിക്ഷിച്ചത്. എൻഐഎ കോടതിയുടേതാണ് വിധി.
കവർച്ച, ഗൂഢാലോചന, ഫണ്ട് ശേഖരണം, വെടിമരുന്ന് വാങ്ങൽ തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ജാഹിദുലിന് 57,000 രൂപ പിഴയും ചുമത്തിയിട്ടുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രസ്‌താവനയിൽ അറിയിച്ചു. ഇതോടെ ഈ കേസിൽ 11 പ്രതികൾ ശിക്ഷിക്കപ്പെട്ടതായും പ്രസ്‌താവനയിൽ പറയുന്നു.
2005-ല്‍ ബംഗ്ലാദേശിലുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊലീസിന്‍റെ കസ്റ്റഡിയിലായിരുന്നു ജാഹിദുൽ. പിന്നീട് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ശേഷം ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശ് തലവന്‍ സലാവുദ്ദീൻ സലിഹിനൊപ്പം 2014-ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് അനധികൃതമായി എത്തുന്നതെന്നും എൻഐഎ അന്വേഷണത്തിൽ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഒളിവിൽ കഴിയുമ്പോൾ തന്നെ 2014 ഒക്‌ടോബറിലെ ബർദ്വാൻ സ്‌ഫോടനക്കേസിൽ ഇയാളും കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു. 2014 ഒക്‌ടോബർ 2ന് പശ്ചിമ ബംഗാളിലെ ബർദ്വാനിലെ ഖഗ്രഗഢിൽ ഒരു വീട്ടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്ന് അധികൃതർ അറിയിച്ചു. സ്‌ഫോടനത്തിന് ശേഷം ജാഹിദുലും ഇയാളുടെ സഹായികളും ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.
അതേസമയം ജെഎംബിയുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നുമുള്ള മുസ്‌ലീം യുവാക്കളെ ജാഹിദുൽ തീവ്രവാദികളാക്കി മാറ്റിയിരുന്നതായി ഏജൻസി വ്യക്തമാക്കി. മാത്രമല്ല പ്രതിയും കൂട്ടാളികളും 2018 ജനുവരിയിൽ ബോധ്‌ഗയയിൽ സ്ഫോടനം നടത്തിയിരുന്നതായും ഏജൻസി പറഞ്ഞു.
നിരോധിത സംഘടനയായ ജെഎംബിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി തട്ടിപ്പിലൂടെ പണം സ്വരൂപിക്കാൻ പ്രതിയും കൂട്ടാളികളും ഗൂഢാലോചന നടത്തിയതായി എൻഐഎ അന്വേഷണത്തിൽ വ്യക്തമായി. 2018ൽ ഇതിന്‍റെ ഭാഗമായി പ്രതികൾ ബെംഗളൂരുവിൽ നാല് മോഷണങ്ങൾ നടത്തിയിരുന്നു. തുടർന്ന് കൊള്ളയടിച്ച പണം വെടിമരുന്ന് വാങ്ങുന്നതിനും ഒളിത്താവളങ്ങൾ ഒരുക്കുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പരിശീലനത്തിനുമായി ഉപയോഗിച്ചതായി അന്വേഷണ ഏജൻസി അറിയിച്ചു.