ന്യൂഡല്‍ഹി : വനിത ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഷബ്‌നിം ഇസ്മയില്‍ (Shabnim Ismail). വനിത പ്രീമിയര്‍ ലീഗ് (Women's Premier League) മത്സരത്തിനിടെയാണ് ഷബ്‌നിം ഇസ്‌മയില്‍ ലോക റെക്കോഡ് പ്രകടനം നടത്തിയത്. മുംബൈ ഇന്ത്യന്‍സിന്‍റെ (Mumbai Indians) താരമായ ഷബ്‌നിം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ (Delhi Capitals) മത്സരത്തിലെറിഞ്ഞ ഒരു പന്തിന്‍റെ വേഗം മണിക്കൂറില്‍ 132.1 കിലോ മീറ്ററായിരുന്നു.
വനിത ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ബോളര്‍ മണിക്കൂറില്‍ 130-ന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്നത്. ഡല്‍ഹി ഇന്നിങ്‌സിന്‍റെ മൂന്നാം ഓവറിലെ രണ്ടാം പന്താണ് ലോക റെക്കോഡായി മാറിയത്. ഓസ്‌ട്രേലിയയുടെ മുന്‍ നായിക മെഗ് ലാനിങ്ങായിരുന്നു പന്ത് നേരിട്ടത്. ഷബ്‌നിം ഇസ്‌മയിലിന്‍റെ ഇടമിന്നല്‍ പന്ത് മെഗ് ലാനിങ്ങിന്‍റെ പാഡില്‍ പതിക്കുകയാണ് ചെയ്‌തത്.
വനിത പ്രീമിയര്‍ ലീഗിന്‍റെ ഈ പതിപ്പില്‍ തന്നെ 128.3 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ 34-കാരിയായ ദക്ഷിണാഫ്രിക്കന്‍ താരത്തിന് സാധിച്ചിരുന്നു. മുമ്പ് 2016-ൽ വെസ്റ്റ് ഇൻഡീസിനെതിരെ മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിൽ താരം പന്തെറിഞ്ഞിരുന്നു. പിന്നീട് 2022-ലെ ഐസിസി വനിത ലോകകപ്പിനിടെ രണ്ടുതവണ 127 കിലോമീറ്റർ വേഗതയിലും താരം പന്തെറിഞ്ഞിരുന്നു.
എട്ട് ഐസിസി വനിത ടി20 ലോകകപ്പുകളിലും ദക്ഷിണാഫ്രിക്കയ്‌ക്കായി കളിച്ചിട്ടുള്ള ഷബ്‌നിം ഇസ്‌മയില്‍ കഴിഞ്ഞ വര്‍ഷമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. 16 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 127 ഏകദിനങ്ങളും 113 ടി20 മത്സരങ്ങളുമാണ് താരം കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 191 വിക്കറ്റുകള്‍ നേടിയിട്ടുള്ള താരം ടി20യില്‍ 123 പേരെയാണ് പുറത്താക്കിയിട്ടുള്ളത്. ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകളും അക്കൗണ്ടിലുണ്ട്.