ഹൈദരാബാദ് :വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഇടം പിടിച്ചതിന് പിന്നാലെ ഐപിഎല്ലില്‍ കളിക്കാനിറങ്ങിയ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി രാജസ്ഥാൻ റോയല്‍സ് ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാനായി മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു റണ്‍സ് ഒന്നും എടുക്കാതെയാണ് പുറത്തായത്. ഭുവനേശ്വര്‍ കുമാറിന്‍റെ തകര്‍പ്പൻ ഇൻസ്വിങ് ഡെലിവറിയ്‌ക്ക് മുന്നില്‍ മറുപടി നല്‍കാൻ ആകാതെ ക്ലീൻ ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്.
മത്സരത്തില്‍ 202 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാൻ റോയല്‍സിന് മത്സരത്തിന്‍റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജോസ് ബട്‌ലറെ നഷ്‌ടമായിരുന്നു. നേരിട്ട ആദ്യ പന്തിലായിരുന്നു ബട്‌ലറുടെ പുറത്താകല്‍. ഇതോടെയാണ് മൂന്നാമനായി സഞ്ജു സാംസണ്‍ ക്രീസിലേക്ക് എത്തിയത്.
മത്സരത്തില്‍ മൂന്ന് പന്ത് മാത്രമായിരുന്നു സഞ്ജുവിന്‍റെ ആയുസ്. ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറില്‍ നേരിട്ട ആദ്യത്തെ രണ്ട് പന്തിലും സഞ്ജുവിന് റണ്‍സ് നേടാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു റോയല്‍സ് ക്യാപ്റ്റന്‍റെ മിഡില്‍ സ്റ്റമ്പ് തെറിപ്പിച്ച തകര്‍പ്പൻ ബോള്‍ ഭുവി എറിഞ്ഞത്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ സഞ്ജു സാംസണിന്‍റെ ആദ്യ ഡക്കാണിത്.
അതേസമയം, ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് ശേഷം ടീമില്‍ ഉള്‍പ്പെട്ട മിക്കവരുടെയും പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ലോകകപ്പ് ടീം പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന മത്സരങ്ങളില്‍ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശര്‍മ, വൈസ് ക്യാപ്‌റ്റൻ ഹാര്‍ദിക് പാണ്ഡ്യ, സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം നിരാശപ്പെടുത്തിയിരുന്നു.