ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) 17-ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ (Sanju Samson) നടത്തിയത്. സ്വന്തം തട്ടകമായ ജയ്‌പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ (Lucknow Super Giants) ആപരാജിത അര്‍ധ സെഞ്ചുറിയുമായി സഞ്‌ജു തിളങ്ങി. 52 പന്തുകളില്‍ പുറത്താവാതെ ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും സഹിതം 82 റണ്‍സായിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന്‍ അടിച്ച് കൂട്ടിയത്.
ഫ്രാഞ്ചൈസിക്കായി ഇതു 23-ാം തവണയാണ് സഞ്‌ജു അന്‍പതോ അതില്‍ അധികമോ റണ്‍സ് നേടുന്നത്. ഇതോടെ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ തവണ ഫിഫ്‌റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരങ്ങളില്‍ ഒരാളായി മാറാനും മലയാളി താരത്തിന് കഴിഞ്ഞു. (Sanju Samson IPL record). രണ്ട് സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളുമാണ് നിലവില്‍ സഞ്‌ജുവിന്‍റെ അക്കൗണ്ടിലുള്ളത്.
ജോസ് ബട്‌ലര്‍ (Jos Buttler), അജിങ്ക്യ രഹാനെ (Ajinkya Rahane) എന്നിവരാണ് പ്രസ്‌തുത റെക്കോഡില്‍ സഞ്‌ജുവിന് ഒപ്പമുള്ളത്. ബട്‌ലര്‍ രാജസ്ഥാനായി അഞ്ച് സെഞ്ചുറികളും 18 അര്‍ധ സെഞ്ചുറികളും നേടിയപ്പോള്‍, രണ്ട് സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളുമാണ് രഹാനെ കണ്ടെത്തിയിട്ടുള്ളത്. 16 അര്‍ധ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഷെയ്ന്‍ വാട്‌സണാണ് പിന്നിലുള്ളത്.