പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്കിടെ പ്രയാഗ്‌രാജില്‍ വന്‍ തീപിടിത്തം. സെക്‌ടർ നമ്പർ 6-ലെ ഒരു ക്യാമ്പിലാണ് ഞായറാഴ്‌ച തീ പടര്‍ന്നത്. ഏകദേശം 20 മുതൽ 25 വരെ ടെന്‍റുകള്‍ കത്തിയതായാണ് റിപ്പോര്‍ട്ട്.
ഭക്തരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. ശക്തമായ കാറ്റ് കാരണം ഒരു ടെന്‍റില്‍ നിന്ന് മറ്റൊന്നിലേക്ക് തീ പടരുകയാണ്. ടെന്‍റിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് തീ പടർന്നതെന്ന് പറയപ്പെടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ തീ മറ്റ് ടെന്‍റുകളിലേക്കും വ്യാപിക്കുകയായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് അടുക്കളയില്‍ പാചകത്തിനായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇതു തീ കൂടുതൽ പടരുന്നതിന് ആക്കം കൂട്ടിയെന്നുമാണ് റിപ്പോര്‍ട്ട്. തീ അണയ്‌ക്കാനുള്ള ശ്രമം അധികൃതര്‍ തുടരുകയാണ്. നിരവധി ഫയർ എഞ്ചിനുകൾ തീ അണയ്ക്കുന്നതിൽ ഏർപ്പെട്ടിട്ടുണ്ട്.
മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അധികാരികളും സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിസരത്തെ ടെന്‍റുളിൽ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.