മുംബൈ :ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) ക്യാപ്റ്റനാണെങ്കിലും ഇന്ത്യന്‍ ടീമില്‍ സ്ഥിരക്കാരനാവാന്‍ മലയാളി താരം സഞ്‌ജു സാംസണിന് (Sanju Samson) കഴിഞ്ഞിട്ടില്ല. ആദ്യ പന്തില്‍ തന്നെ ആക്രമണത്തിന് മുതിര്‍ന്ന് പലപ്പോഴും പരാജയപ്പെടുന്ന സഞ്‌ജുവിന്‍റെ പ്രധാനപ്രശ്‌നം സ്ഥിരതയില്ലായ്‌മ ആണെന്നാണ് വിമര്‍ശകര്‍ പറയാറുള്ളത്. കണ്ണും പൂട്ടി അടിക്കാതെ നിലയുറപ്പിച്ച് കളിക്കാനാണ് താരം ശ്രമിക്കേണ്ടതെന്ന ഉപദേശവും ഇക്കൂട്ടര്‍ നല്‍കാറുണ്ട്.
എന്നാല്‍ തന്‍റെ ശൈലിയില്‍ തെല്ലിട മാറ്റം വരുത്താന്‍ തയ്യാറല്ലെന്ന് വീണ്ടുമൊരിക്കല്‍ കൂടി അടിയുറച്ച് പറഞ്ഞിരിക്കുകയാണ് 29-കാരന്‍. ഒരു സിക്‌സറടിക്കാന്‍ 10 പന്തുകള്‍ കാത്തിരിക്കേണ്ടതില്ല. അടിക്കേണ്ട പന്ത് ലഭിച്ചാല്‍ അത് ആദ്യത്തേയൊ അവസാനത്തേയോ എന്ന് നോക്കാതെ അതിര്‍ത്തി കടത്താന്‍ ശ്രമിക്കുമെന്നാണ് സഞ്‌ജു സാംസണ്‍ പറയുന്നത്.
"എന്‍റേതായ ശൈലിയില്‍ എപ്പോഴും ബാറ്റ് ചെയ്യാനാണ് ഞാന്‍ ഇഷ്‌ടപ്പെടുന്നത്. ക്രീസിലെത്തുമ്പോള്‍ ആദ്യത്തെ പന്താണോ അല്ലയോ എന്നതൊന്നും പ്രശ്‌നമല്ല. സിക്സ് അടിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. ആ സമീപനത്തില്‍ ഇത്തവണയും യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല.
മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തമായി എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഒരു സിക്സ് അടിക്കാന്‍ എന്തിനാണ് നമ്മള്‍ 10 പന്തുകളൊക്കെ കാത്തിരിക്കുന്നത്. ഈ ചിന്തയാണ് എന്‍റെ പവര്‍ ഹിറ്റിങ്ങിന് പിന്നിലെ കാരണം" - സഞ്‌ജു പറഞ്ഞു.