ജയ്‌പൂര്‍:ഐപിഎല്‍ പതിനേഴാം പതിപ്പിന് (IPL 2024) മുന്‍പായി രാജസ്ഥാൻ റോയല്‍സ് (Rajasthan Royals) ടീമിനൊപ്പം ചേര്‍ന്ന് നായകൻ സഞ്ജു സാംസണ്‍ (Sanju Samson). കേരളത്തിലെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേര്‍ന്നത്. നായകനെ ടീം ക്യാമ്പിലേക്ക് സ്വീകരിക്കുന്നതിന്‍റെ ദൃശ്യവും ചിത്രങ്ങളും രാജസ്ഥാൻ റോയല്‍സ് ടീം സമൂഹമാധ്യമ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട് (Sanju Samson Joined RR Camp).
ടി20 ലോകകപ്പ് അടുത്തിരിക്കെ സഞ്ജു സാംസണ് ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ ഐപിഎല്‍. സീസണില്‍ മികച്ച പ്രകടനം നടത്താൻ റോയല്‍സ് നായകന് സാധിച്ചാല്‍ ടി20 ലോകകപ്പിനുള്ള (T20 World Cup 2024) ഇന്ത്യൻ ടീമിലേക്ക് എത്തിപ്പെടാം. ഇഷാൻ കിഷൻ (Ishan Kishan), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവര്‍ക്ക് ബിസിസിഐയുമായുള്ള കരാര്‍ നഷ്‌ടമായ സാഹചര്യത്തില്‍ ഇക്കുറി ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ചാല്‍ സഞ്ജു ടീമിലേക്ക് എത്താനുള്ള സാധ്യതയേറെയാണ്.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് (Rishabh Pant) എത്താനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ടീമിന് ബാക്ക് അപ്പ് വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടതുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിനായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാല്‍ ഈ സ്ലോട്ടിലേക്ക് സഞ്ജുവിന് എത്തിപ്പെടാൻ സാധിക്കും.