ജയ്‌പൂര്‍:ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ ക്യാപ്‌റ്റൻ സഞ്ജു സാംസണിന് കീഴില്‍ തകര്‍പ്പൻ പ്രകടനങ്ങളാണ് രാജസ്ഥാൻ റോയല്‍സ് ടീം കാഴ്‌ചവെയ്‌ക്കുന്നത്. സീസണില്‍ സഞ്ജുവിന്‍റെ നേതൃത്വത്തില്‍ കളിക്കാനിറങ്ങിയ റോയല്‍സ് കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും ജയിച്ചു. 14 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അവര്‍ ഇതിനോടകം തന്നെ പ്ലേ ഓഫും ഉറപ്പിച്ചിട്ടുണ്ട്.
29 കാരനായ താരത്തിന് കീഴില്‍ രാജസ്ഥാൻ റോയല്‍സ് ടീം ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്‌ചവെയ്‌ക്കുന്നതിനിടെ താരത്തിന് പ്രശംസയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നര്‍ ഹര്‍ഭജൻ സിങ്. ടി20 ലോകകപ്പ് ടീമില്‍ കളിക്കാൻ സഞ്ജു അര്‍ഹൻ ആണെന്നും രോഹിത് ശര്‍മയ്‌ക്ക് ശേഷം ക്രിക്കറ്റിന്‍റെ കുട്ടി ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കേണ്ടത് രാജസ്ഥാൻ റോയല്‍സ് നായകൻ ആണെന്നും ഹര്‍ഭജൻ അഭിപ്രായപ്പെട്ടു. രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസ് മത്സരശേഷം എക്‌സിലൂടെയായിരുന്നു ഹര്‍ഭജന്‍റെ പ്രതികരണം.
'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരാകണം എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഒന്നും തന്നെ വേണ്ട. അക്കാര്യം തന്നെ ചര്‍ച്ച ചെയ്യേണ്ട ആവശ്യം വരുന്നില്ല. ടി20 ലോകകപ്പ് കളിക്കാൻ ഇന്ത്യ പോകുമ്പോള്‍ ടീമില്‍ സഞ്ജുവും ഉണ്ടായിരിക്കണം. രോഹിത് ശര്‍മയ്‌ക്ക് ശേഷം ഇന്ത്യയുടെ ടി20 നായകനായി അവൻ എത്തുകയും വേണം'- ഹര്‍ഭജൻ സിങ് എക്‌സില്‍ കുറിച്ചു.