ബെംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഇന്ന് കര്‍ണാടകയെ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം. ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം സഞ്ജു സാംസണ്‍ കേരള ടീമില്‍ തിരിച്ചെത്തി. 2011 മുതൽ ഇതുവരേ 61 രഞ്ജി ട്രോഫി മത്സരങ്ങൾ സഞ്ജു സാംസൺ കേരളത്തിനു വേണ്ടി കളിച്ചിട്ടുണ്ട്.
അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലും സഞ്ജു ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ബെംഗളൂരു അലൂർ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയത്തുടര്‍ച്ചയാണ് കേരളത്തിന്‍റെ ലക്ഷ്യം.
സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന കേരള ടീമില്‍ രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി എന്നിവര്‍ക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ബാറ്റിങ് നിര ശക്തമാകും. ഇന്ത്യന്‍ മുന്‍ താരം അമയ് ഖുറേസിയ ആണ് ടീമിന്‍റെ പരിശീലകന്‍. ബേസിൽ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവർ ഉൾപ്പെടുന്നതാണ് കേരളത്തിന്‍റെ ബൗളിങ് നിര. മായങ്ക് അഗർവാൾ നയിക്കുന്ന കർണാടകയിൽ മനീഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കൽ, ശ്രേയസ് ഗോപൽ തുടങ്ങിയവരുണ്ട്.