ബെംഗളൂരു : വനിത പ്രീമിയര്‍ ലീഗിന്‍റെ (Women's Premier League) രണ്ടാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ വിജയം സമ്മാനിക്കാന്‍ മലയാളി താരം സജന സജീവന് (Sajana Sajeevan) കഴിഞ്ഞിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന് (Delhi Capitals) എതിരായ മത്സരത്തില്‍ അരങ്ങേറ്റക്കാരിയായ സജന ക്രീസിലേക്ക് എത്തുമ്പോള്‍ അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു വിജയത്തിനായി മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) വേണ്ടിയിരുന്നത്.
ആലീസ് കാപ്‌സി എറിഞ്ഞ പന്ത് പിച്ച് ഔട്ട് ചെയ്‌ത് ലോങ് ഓണിലേക്ക് പറത്തിയ 29-കാരി നിലവിലെ ചാമ്പ്യന്മാരുടെ വിജയം ഉറപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയമായി മാറാനും മാനന്തവാടി സ്വദേശിയായ സജനയ്‌ക്ക് കഴിഞ്ഞു. വളരെ മോശം പശ്ചാത്തലത്തില്‍ നിന്നാണ് സജന ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് 29-കാരി.
"ക്രിക്കറ്റ് കളിക്കാൻ തുടങ്ങുമ്പോൾ എനിക്ക് അഞ്ച് വയസായിരുന്നു പ്രായം. എന്നാൽ വനിത ക്രിക്കറ്റിനെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. എൽസമ്മ ടീച്ചറാണ് എനിക്ക് ക്രിക്കറ്റിനെ കൂടുതല്‍ പരിചയപ്പെടുത്തിയത്.
ക്രിക്കറ്റ് ബാറ്റ് ഇല്ലാത്തിനാല്‍, തെങ്ങിന്‍റെ മടലും മറ്റും ഉപയോഗിച്ചായിരുന്നു ആദ്യം കളിച്ചിരുന്നത്. കേരള ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചപ്പോഴാണ് എനിക്ക് ഒരു പ്രൊഫഷണൽ കിറ്റ് ലഭിക്കുന്നത്. സാമ്പത്തികമായി കുടുംബ പശ്ചാത്തലം അല്‍പം മോശമായിരുന്നു. അതിനാല്‍ തന്നെ കളിക്കുമ്പോള്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്ന ഡിഎ, ടിഎ, മാച്ച് ഫീ എന്നിവ വലിയ ആശ്വാസമായി മാറി" - സജന പറഞ്ഞു.