ബെംഗളൂരു :വനിത പ്രീമിയര്‍ ലീഗില്‍ (Women's Premier League 2024) ജയത്തോടെ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians). രണ്ടാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) കീഴടക്കിയായിരുന്നു മുംബൈ ജയമാഘോഷിച്ചത്. മത്സരത്തിലെ അവസാന പന്ത് സിക്സര്‍ പറത്തി മലയാളി താരം സജന സജീവൻ (Sajana Sajeevan) മുംബൈയുടെ സൂപ്പര്‍ ഹീറോ ആകുകയായിരുന്നു (Mumbai Indians vs Delhi Capitals WPL 2024).
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സജന താൻ നേരിട്ട ആദ്യ പന്താണ് അതിര്‍ത്തി കടത്തി മുംബൈ ഇന്ത്യൻസിന് ആവേശജയം സമ്മാനിച്ചത്. 172 റണ്‍സായിരുന്നു മത്സരത്തില്‍ മുംബൈയുടെ വിജയലക്ഷ്യം. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ഹെയ്ലി മാത്യൂസിനെ നഷ്ടപ്പെട്ടെങ്കിലും പിന്നീട് പതിയെ കളിയിലേക്ക് തിരികെയെത്താൻ അവര്‍ക്കായി.
യാസ്തിക ഭാട്ടിയ (Yastika Bhatia), ഹര്‍മൻപ്രീത് കൗര്‍ (Harmanpreet Kaur) എന്നിവരുടെ അര്ധസെഞ്ച്വറികളായിരുന്നു മുംബൈയുടെ ഇന്നിങ്സില്‍ നിര്‍ണായകമായത്. 45 പന്ത് നേരിട്ട് 57 റണ്‍സ് നേടിയ യാസ്തികയെ മത്സരത്തിന്റെ 14-ാം ഓവറില്‍ സ്കോര്‍ 106ല്‍ നില്‍ക്കെ നഷ്ടപ്പെട്ടു. പിന്നീട്, ഹര്‍മനും അമേലിയ കെറും ചേര്‍ന്നായിരുന്നു അവരുടെ സ്കോര്‍ ഉയര്‍ത്തിയത്.