രാജ്കോട്ട് :ടി20 ലോകകപ്പില്‍ (T20 World Cup 2024) ഇന്ത്യ കളിക്കാന്‍ ഇറങ്ങുക ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) കീഴില്‍ ആയിരിക്കുമെന്ന് ജയ് ഷാ (Jay Shah). ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇന്ത്യന്‍ നായകനായേക്കുമെന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ബിസിസിഐ സെക്രട്ടറിയുടെ സ്ഥിരീകരണം. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയ്ക്ക് ടി20 ലോക കിരീടം നേടാന്‍ സാധിക്കുമെന്നും ജയ് ഷാ അഭിപ്രായപ്പെട്ടു.
'അഹമ്മദാബാദില്‍ നടന്ന 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തുടര്‍ച്ചയായ പത്ത് ജയങ്ങളോടെ ഏവരുടെയും ഹൃദയം കീഴടക്കാന്‍ ഞങ്ങള്‍ക്കായി. ഇനിയുള്ളത് ടി20 ലോകകപ്പാണ്. ബാര്‍ബഡോസില്‍ ഇന്ത്യ രോഹിത് ശര്‍മയ്ക്ക് കീഴില്‍ കിരീടം ഉയര്‍ത്തുമെന്ന കാര്യം നിങ്ങളോട് ഞാൻ പറയാന്‍ ആഗ്രഹിക്കുന്നു'- രാജ്കോട്ടില്‍ ഖണ്ഡേരിയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിന്റെ പേര് മാറ്റാനായി സംഘടിപ്പിച്ച ചടങ്ങില്‍ ജയ് ഷാ പറഞ്ഞു (Jay Shah Confirms Rohit Sharma Will Lead India In T20WC 2024). രോഹിത് ശര്‍മ, പരിശീലകന് രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം.
ജൂണില്‍ യുഎസ്എ-വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയാകും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക എന്നായിരുന്നു അഭ്യൂഹങ്ങള്‍. 2022 ലെ ടി20 ലോകകപ്പിന് ശേഷം ഭൂരിഭാഗം പരമ്പരകളിലും ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിരുന്നത്.