ഹൈദരാബാദ്:ഐസിസി കിരീടങ്ങള്‍ നേടാന്‍ ഇന്ത്യന്‍ ടീമിനും ശരിയായ സമയം വരുമെന്ന് നായകന്‍ രോഹിത് ശര്‍മ. ഒരു ദശാബ്‌ദത്തിലേറെയായി ഇന്ത്യന്‍ ടീമിന് ഐസിസി കിരീടങ്ങള്‍ കിട്ടാക്കനിയായി തുടരുന്ന സാഹചര്യത്തിലാണ് രോഹിത് ശര്‍മയുടെ പ്രതികരണം. 2013ല്‍ എംഎസ് ധോണി നായകനായിരിക്കെയാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്‍റ് ജയിച്ചത്.
ആ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ആയിരുന്നു അത്. അതിന് ശേഷം ഏകദിന, ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളിലെ ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും കിരീടം മാത്രം നേടാന്‍ ഇന്ത്യയ്‌ക്കായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും കയ്യെത്തും ദൂരത്ത് നഷ്‌ടമായ ഇന്ത്യ വരുന്ന ടി20 ലോകകപ്പ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് നിലവില്‍.
ഹൈദരാബാദില്‍ പുരോഗമിക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനിടെ ജിയോ സിനിമയോട് സംസാരിക്കുമ്പോഴായിരുന്നു ടീം ഇന്ത്യയ്‌ക്ക് ഐസിസി കിരീടങ്ങള്‍ നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷ രോഹിത് ശര്‍മ പങ്കുവച്ചത്. 'മികച്ച പ്രകടനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷവും ഞങ്ങള്‍ക്ക് നടത്താന്‍ സാധിച്ചത്. എന്നാല്‍, ട്രോഫികള്‍ മാത്രമാണ് നേടാനാകാതെ പോയത്.
ഞങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ഒരേയൊരു കാര്യം മാത്രമാണ് അത്. എന്നാല്‍, ആ ദൗത്യം നിറവേറ്റാന്‍ ഞങ്ങളുടേതായ സമയം വരുമെന്നാണ് ഞാന്‍ കരുതുന്നത്. അതിന് വേണ്ടി പോസിറ്റീവായ മാനസികാവസ്ഥയില്‍ തുടരുക എന്നത് മാത്രമാണ് ചെയ്യേണ്ടത്.