മുംബൈ :ഐപിഎല്‍ പതിനേഴാം പതിപ്പിലെ അവസാന മത്സരത്തിനായി മുംബൈ ഇന്ത്യൻസ് ഇന്ന് കളത്തിലിറങ്ങുകയാണ്. പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ അത്ഭുത ജയം തേടിയെത്തുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ സ്വന്തം കാണികള്‍ക്ക് മുന്നിലാണ് മുംബൈ നേരിടുക. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണെങ്കിലും ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും മുംബൈ ഇന്ത്യൻസ് ഇന്ന് ഗ്രൗണ്ടിലേക്കിറങ്ങുന്നത്.
ഇന്ത്യൻ പ്രീമിയര്‍ ലീഗ് 17-ാം സീസണിലെ അവസാന മത്സരത്തിന് മുംബൈ ഇന്ത്യൻസ് ടീം ഇന്ന് ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും അവരുടെ മുൻ നായകൻ രോഹിത് ശര്‍മയിലേക്കാണ്. മുംബൈ ഇന്ത്യൻസിനൊപ്പം രോഹിത് ശര്‍മയുടെ അവസാന സീസണ്‍ ആയിരിക്കും ഇതെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നടപ്പ് സീസണിന് മുന്‍പ് ക്യാപ്‌റ്റൻസി മാറ്റത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടും പ്രചരിക്കാൻ തുടങ്ങിയത്.
ഈ വര്‍ഷം ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നു രോഹിത് ശര്‍മയെ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ, ടീം മാനേജ്‌മെന്‍റ് ഗുജറാത്ത് ടൈറ്റൻസില്‍ നിന്നും പ്ലെയര്‍ ട്രേഡിങ്ങിലൂടെ കൂടാരത്തിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയെ നായകനായി നിയമിക്കുകയായിരുന്നു. ഇത് മുംബൈ ടീമിനുള്ളിലും ആരാധകര്‍ക്കിടയിലും വലിയ കോലാഹലങ്ങളായിരുന്നു സൃഷ്‌ടിച്ചത്.
മാനേജ്‌മെന്‍റിന്‍റെ നീക്കത്തിനിതിരെ ആരാധകര്‍ ഒന്നടങ്കം പ്രതിഷേധം രേഖപ്പെടുത്തി. ടീമിനുള്ളിലെ പല താരങ്ങളും പരോക്ഷമായി ഹാര്‍ദിക് ക്യാപ്റ്റനായി എത്തുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍, ഇതൊന്നും വകവയ്‌ക്കാതെ ഹാര്‍ദികിനെ നായകനാക്കി തന്നെ മുംബൈ ഇന്ത്യൻസ് കളിക്കാൻ ഇറങ്ങുകയായിരുന്നു.