അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. നാഗ്‌പൂരിലും കട്ടക്കിലും നടന്ന ഒന്നും രണ്ടും ഏകദിനങ്ങളില്‍ നാല് വിക്കറ്റിന്‍റെ വിജയമായിരുന്നു ആതിഥേയര്‍ സ്വന്തമാക്കിയത്. അഹമ്മദാബാദില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 142 റണ്‍സിന്‍റെ കൂറ്റന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമ്മാനദാനത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയൊരു അമളി പറ്റി. ഫോട്ടോഷൂട്ടിനായി നിലത്തുവച്ച ട്രോഫി തിരികെ എടുക്കാന്‍ താരങ്ങള്‍ മറക്കുകയായിരുന്നു. ഒടുവിലായി ഗ്രൗണ്ടില്‍ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കെഎല്‍ രാഹുലുമായിരുന്നു തിരിച്ച് കയറാനിരുന്നത്.
എന്നാല്‍ നടന്ന് നീങ്ങവെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ട്രോഫി എടുത്തിട്ടില്ലെന്ന കാര്യം ഓര്‍ത്തെടുത്തത്. പിന്നാലെ രാഹുലും രോഹിത്തും തിരികെ എത്തി ട്രോഫി എടുക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. പൊതുവെ ഒരല്‍പം മറവിക്കാരനാണ് രോഹിത് ശര്‍മ.
തന്‍റെ മറവിയെ ടീമംഗങ്ങള്‍ കളിയാക്കാറുണ്ടെന്ന് ഒരു അഭിമുഖത്തിനിടെ നേരത്തെ രോഹിത് പറഞ്ഞിരുന്നു. എന്നാല്‍ പരമ്പര നേടിയതിന് ശേഷം ട്രോഫി എടുക്കാന്‍ ടീം ഒന്നാകെ മറന്ന് പോകുന്ന ആദ്യത്തെ സംഭവമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ALSO READ: ഞെട്ടിച്ച് ഐസിസി; 53 ശതമാനം വര്‍ധന!, ചാമ്പ്യന്‍സ് ട്രോഫി സമ്മാനത്തുക പ്രഖ്യാപിച്ചു
അതേസമയം ചാമ്പ്യന്‍സ് ട്രോഫിയാണ് ഇനി രോഹിത് ശര്‍മയേയും സംഘത്തേയും കാത്തിരിക്കുന്നത്. പാകിസ്ഥാനാണ് ടൂര്‍ണമെന്‍റിന്‍റെ ആതിഥേയരാവുന്നതെങ്കിലും ഇന്ത്യ ദുബായിലാണ് തങ്ങളുടെ മത്സരങ്ങള്‍ കളിക്കുന്നത്.