റാഞ്ചി :ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ (India vs England 4th Test ) രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) തിരിച്ച് കയറിയത്. 81 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും പറത്തി 55 റൺസാണ് താരം നേടിയത്. ഹിറ്റ്‌മാന്‍റെ 17-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറിയാണിത്.
പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് കരിയറില്‍ 9000 റൺസ് പിന്നിടാനും ഹിറ്റ്‌മാന് കഴിഞ്ഞു. നേരത്തെ തന്‍റെ ഇന്നിംഗ്‌സിനിടെ ടെസ്റ്റിൽ 4000 റൺസ് പിന്നിടാനും 36-കാരന് കഴിഞ്ഞിരുന്നു. ഈ നേട്ടം കൈവരിക്കുന്ന 17-ാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററാണ് രോഹിത്.
അതേസമയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യ പിന്തുടരുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ജോ റൂട്ടിന്‍റെ സെഞ്ചുറി മികവില്‍ 353 റണ്‍സ് നേടിയിരുന്നു. മറുപടിക്ക് ഇറങ്ങിയ ഇന്ത്യയെ 307 റണ്‍സില്‍ പിടിച്ചുകെട്ടി ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കാനും ഇംഗ്ലീഷ് ടീമിന് കഴിഞ്ഞു.
പ്രധാന ബാറ്റര്‍മാരില്‍ അര്‍ധ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ ഒഴികെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് ധ്രുവ് ജുറെല്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന്‍റെ ലീഡ് കുറച്ചത്. 149 പന്തില്‍ 90 റണ്‍സായിരുന്നു ജുറെല്‍ നേടിയത്. അവസാന വിക്കറ്റായാണ് ജുറെല്‍ മടങ്ങിയത്.