മുംബൈ: ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമില്‍ ആശങ്ക. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ റണ്‍വരള്‍ച്ച് നേരിടുകയാണ് രോഹിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ച് പന്തുകളില്‍ നാല് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന് ക്യാച്ച് നല്‍കിയായിരുന്നു 37-കാരന്‍റെ മടക്കം. ഇതടക്കം അവസാനം കളിച്ച അഞ്ച് ഇന്നിങ്‌സുകളില്‍ 6, 8, 4, 11, 4 എന്നിങ്ങനെയാണ് രോഹിത് നേടിയിട്ടുള്ളത്. ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ നിന്നും 330 റണ്‍സാണ് രോഹിത് അടിച്ചിട്ടുള്ളത്.
ആദ്യത്തെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 297 റണ്‍സ് അടിച്ചതിന് ശേഷമായിരുന്നു രോഹിത് നിറം മങ്ങിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ ട്രോളുകളും നിറയുന്നുണ്ട്. ടി20 ലോകകപ്പില്‍ ക്യാപ്റ്റന്‍ ടീമിന് ബാധ്യതയാവുമോയെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ജൂണിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കഴിഞ്ഞ ആഴ്‌ചയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് നേതൃത്വം നല്‍കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ ഹാര്‍ദിക്കിന്‍റെ ക്യാപ്റ്റന്‍സിയിലാണ് രോഹിത് കളിക്കുന്നത്.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് സഞ്‌ജു. എസ് ശ്രീശാന്താണ് ഇതിന് മുന്നെ ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയ മലയാളി. റിഷഭ് പന്തിനെയാണ് സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഇതോടെ കെഎല്‍ രാഹുലിന് പുറത്തിരിക്കേണ്ടി വന്നു.
ALSO READ: രോഹിത്തിനെക്കുറിച്ച് ഒരു വാക്ക്; പ്രീതി സിന്‍റയുടെ മറുപടിക്ക് കയ്യടി - Preity Zinta On Rohit Sharma
പ്രധാന ബാറ്റര്‍മാരായി രോഹിത് ശര്‍മയെ കൂടാതെ വിരാട് കോലി, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് സ്‌ക്വാഡിലുള്ളത്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരും സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായി അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും സ്‌ക്വാഡിലെത്തി. കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് പ്രധാന സ്‌പിന്നര്‍മാര്‍. പേസ് യൂണിറ്റിന്‍റെ ചുമതല ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ്. 11 വര്‍ഷത്തില്‍ ഏറെ നീണ്ട ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്.