ദുബായ്:ബംഗ്ലാദേശിനെതിരായ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ അക്‌സർ പട്ടേലിന് ഹാട്രിക് നഷ്ടമായി. തന്‍റെ മൂന്നാം വിക്കറ്റ് വീഴ്ത്താൻ ശ്രമിക്കുന്നതിനിടെ നായകന്‍ രോഹിത് ശർമ്മ ക്യാച്ച് കൈവിടുകയായിരുന്നു. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ 9-ാം ഓവറിലായിരുന്നു സംഭവം. ജേക്കർ അലിയെ പുറത്താക്കി ഹാട്രിക് തികയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു അക്‌സർ പട്ടേല്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓവറിലെ രണ്ടാം പന്തിൽതന്നെ താരം ആദ്യ വിക്കറ്റെടുത്തു. 25 റൺസില്‍ തൻസിദ് ഹസനാണു പുറത്തായത്. താരത്തിന്‍റെ ബാറ്റിൽ എഡ്ജായ പന്ത് രാഹുൽ പിടിച്ചെടുത്തു. അമ്പയർ ആദ്യം ഔട്ട് അനുവദിച്ചില്ലെങ്കിലും വളരെ നേരം ആലോചിച്ചതിനു ശേഷം തല കുലുക്കി വിരൽ ഉയർത്തി ഔട്ട് നൽകി.
തൊട്ടടുത്ത പന്തിൽ മുഷ്ഫിഖർ റഹീമും സമാന രീതിയിൽ ഗോൾഡൻ ഡക്കായി. പിന്നാലെയായിരുന്നു രോഹിത് ക്യാച്ച് പാഴാക്കിയത്. ഇതേതുടര്‍ന്ന് രോഹിത് നിരാശനായി പന്ത് ടർഫിലേക്ക് എറിയുകയും കൈകൾ കൂപ്പി അക്‌സറിനോട് ക്ഷമ ചോദിക്കുകയും ചെയ്‌തത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 35 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായെങ്കിലും പിന്നാലെ ടീം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിലവില്‍ ക്രീസിലുള്ള തൗഹിദ് ഹൃദോയും (70) ജേക്കർ അലി (65) തിളങ്ങിയതോടെ ബംഗ്ലാദേശ് 40 ഓവര്‍ പിന്നിടുമ്പോള്‍ 174 റണ്‍സെന്ന നിലയിലാണ്.
ഓപണർ സൗമ്യ സർക്കാരും ക്യാപ്റ്റൻ നജ്‌മുൽ ഹുസെയ്ൻ ഷാന്‍റോയും മുഷ്ഫിഖർ റഹീമും പൂജ്യത്തിന് പുറത്തായി. മെഹ്ദി ഹസൻ മിറാസ് (5), തന്‍സിദ് ഹസന്‍ (25) റണ്‍സുമെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമിയും അക്‌സറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹർഷിത് റാണ ഒരു വിക്കറ്റ് വീഴ്ത്തി.