പാരിസ്: പോയ സീസണിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ദ്യോര്‍ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌പാനിഷ് താരം റോഡ്രി. റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയൻ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പടെയുള്ളവരെ പിന്തള്ളിയാണ് റോഡ്രിയുടെ പുരസ്‌കാര നേട്ടം. ഇന്ന് പുലര്‍ച്ച പാരിസില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.
നിലവില്‍ ലോക ഫുട്‌ബോളിലെ മികച്ച ഡിഫൻസീവ് മിഡ്‌ഫീല്‍ഡര്‍മാരില്‍ ഒരാളാണ് റോഡ്രി. യൂറോ കപ്പില്‍ സ്പെയിന് വേണ്ടിയും ക്ലബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടിയും നടത്തിയ പ്രകടനങ്ങളാണ് കരിയറിലെ ആദ്യ ബാലൻ ദ്യോര്‍ പുരസ്‌രകാരത്തിന് താരത്തെ അര്‍ഹനാക്കിയത്. സ്പെയിൻ കിരീടം നേടിയ യൂറോ കപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് റോഡ്രിയെ ആയിരുന്നു.
2023 ഓഗസ്റ്റ് ഒന്ന് മുതല്‍ 2024 ജൂലായ് 31 വരെയുള്ള കാലയളവിലെ പ്രകടനങ്ങളായിരുന്നു പുരസ്കാര നിര്‍ണയത്തിനായി പരിഗണിച്ചിരുന്നത്. ഇക്കാലയളവില്‍ 12 ഗോളും 15 അസിസ്റ്റുകളുമാണ് റോഡ്രിയുടെ പേരില്‍. യൂറോ കപ്പിന് പുറമെ ദേശീയ ടീമിനൊപ്പം നേഷൻസ് ലീഗും സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗ്, ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം റോഡ്രി സ്വന്തമാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇക്കുറി ബാലൻ ദ്യോര്‍ പുരസ്‌കാരം റയല്‍ താരം വിനീഷ്യസ് ജൂനിയര്‍ക്ക് ലഭിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍, താരം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പുരസ്‌കാര ചടങ്ങില്‍ വിനീഷ്യസ് ജൂനിയറും റയല്‍ മാഡ്രിഡ് പ്രതിനിധികളും പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ സീസണില്‍ 24 ഗോളും 11 അസിസ്റ്റുകളുമാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിനായി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിലും സ്പാനിഷ് ക്ലബിനായി മികച്ച പ്രകടനം താരം നടത്തിയിരുന്നു.
രണ്ടാം തവണയും സ്പാനിഷുകാരി ഐതന ബോണ്‍മാറ്റി വനിത ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന് അര്‍ഹായായി. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലമീൻ യമാലാണ് മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി നേടിയത്. മികച്ച പുരുഷ ക്ലബായി റയല്‍ മാഡ്രിഡിനെയും പരിശീലകനായി കാര്‍ലോ ആൻസലോട്ടിയേയുമാണ് തെരഞ്ഞെടുത്തത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും എമിലിയാനോ മാര്‍ട്ടിനെസ് സ്വന്തമാക്കി. സീസണില്‍ കൂടുതല്‍ ഗോള്‍ നേടിയവര്‍ക്കുള്ള ഗ്രെഡ് മുള്ളര്‍ പുരസ്‌കാരം ഹാരി കെയ്‌ൻ, കിലിയൻ എംബാപ്പെ എന്നിവര്‍ പങ്കുവച്ചു.
Also Read :റയൽ-ബാഴ്‌സ എൽ ക്ലാസിക്കോ പോരാട്ടം സ്പെയിനിൽ മാത്രമല്ല, ഇന്ത്യയിലും ചര്‍ച്ചയായെന്ന് നരേന്ദ്ര മോദി