മുംബൈ :ഐപിഎല്ലിന്‍റെ പതിനേഴാം (IPL 2024) പതിപ്പില്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ക്രിക്കറ്റ് മൈതാനത്തേക്കുള്ള റിഷഭ് പന്തിന്‍റെ (Rishabh Pant) തിരിച്ചുവരവ്. 2022 ഡിസംബറിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് ഏറെ നാളായി കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. പരിക്കില്‍ നിന്നെല്ലാം മുക്തനായ താരം വരുന്ന ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ (Delhi Capitals) നായകനായി തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.
എന്നാല്‍, ഐപിഎല്‍ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന താരത്തിന് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ (Robin Uthappa). റിഷഭ് പന്ത് തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്നും സമയമെടുത്ത് വേണം താരം കളിക്കളത്തിലേക്ക് തിരിച്ച് എത്തേണ്ടതെന്നുമാണ് ഉത്തപ്പ നല്‍കിയ നിര്‍ദേശം. ഒരു പ്രമുഖ കായിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോബിൻ ഉത്തപ്പയുടെ പ്രതികരണം (Rishabh Pant Returns In IPL 2024).
'റിഷഭ് പന്തിന്‍റെ ഫിറ്റ്‌നസിനെ ആശ്രയിച്ചാണ് ഓരോ കാര്യങ്ങളും. കഠിനമായിരുന്നു അവന് കഴിഞ്ഞുപോയ ഒന്നര വര്‍ഷക്കാലം. ആ സമയത്തുണ്ടായ അനുഭവങ്ങളില്‍ നിന്നും എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും അവന്‍റെ ഭാവി.