ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന്‍റെ ക്യാപ്റ്റനായി ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ നിയമിച്ചു. ടീം ഉടമയായ സഞ്ജീവ് ഗോയങ്കയാണ് താരത്തെ ടീമിന്‍റെ നായകനായി നിയമിച്ചിരിക്കുന്നത്. മുമ്പ് ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാപ്റ്റനായി മൂന്ന് സീസൺ താരം ടീമിനെ നയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം ജിദ്ദയിൽ നടന്ന ഐപിഎൽ മെഗാ ലേലത്തിൽ എൽഎസ്‌ജി 27 കോടി രൂപയ്ക്ക് വാങ്ങിയതിനാൽ ഋഷഭ് പന്ത് ലേല മേശയിലെ ഏറ്റവും വിലയേറിയ താരമായിരുന്നു. കെ.എൽ രാഹുൽ, നിക്കോളാസ് പൂരൻ, ക്രുനാൽ പാണ്ഡ്യ എന്നിവർക്ക് ശേഷം ഫ്രാഞ്ചൈസിയുടെ നാലാമത്തെ ക്യാപ്റ്റനാകും പന്ത്.
2021 മുതൽ 2024 വരെ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചതിനാൽ പന്തിന് ഐപിഎൽ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായ അനുഭവമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 31ന് പന്തിന്‍റെ ഫ്രാഞ്ചൈസി ബന്ധം അവസാനിച്ചിരുന്നു. ലേലത്തില്‍ ഡല്‍ഹിയിലേക്ക് പോയ കെ എല്‍ രാഹുലിന് പകരക്കാരനായാണ് ലഖ്‌നൗ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ നിയമിച്ചത്.
മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർ, ടീം മെന്‍റർ സഹീർ ഖാൻ എന്നിവർക്കൊപ്പം പന്ത് ഉടനെ ചേരും. നിക്കോളാസ് പൂരൻ, ഡേവിഡ് മില്ലർ, മിച്ചൽ മാർഷ്, എയ്ഡൻ മാർക്രം തുടങ്ങിയ താരങ്ങൾ താരത്തിനൊപ്പമുണ്ടാകും. കൂടാതെ ബൗളിംഗ് ഡിപ്പാർട്ട്‌മെന്‍റിൽ രവി ബിഷ്‌നോയ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ എന്നിവരുമുണ്ട്.
ഡൽഹി ക്യാപിറ്റൽസിന്‍റെ വിക്കറ്റ് കീപ്പർ ബാറ്ററായി 2016ലാണ് ഋഷഭ് പന്ത് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2016 മുതൽ 2024 വരെ ഡൽഹിക്കായി ക്രിക്കറ്റ് കളിച്ചു. 111 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 18 അർധസെഞ്ചുറിയും സഹിതം 3284 റൺസ് താരം സ്വന്തമാക്കി. താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റ് 148.9 ആയിരുന്നു. 294 ഫോറുകളും 154 സിക്‌സറുകളും ഋഷഭ് പന്തിന്‍റെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്.