ജയ്‌പൂര്‍: ഐപിഎല്‍ 17-ാം സീസണിലെ തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സ് വഴങ്ങിയത്. രാജസ്ഥാന്‍റെ തട്ടകമായ ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഡല്‍ഹി തോല്‍വി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്‍റെ അപരാജിത അര്‍ധ സെഞ്ചുറിക്കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 185 റണ്‍സായിരുന്നു നേടിയത്.
മറുപടിക്ക് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ചിന് 173 റണ്‍സിലേക്കാണ് എത്താന്‍ കഴിഞ്ഞത്. 34 പന്തില്‍ 49 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറായിരുന്നു ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 23 പന്തില്‍ പുറത്താവതെ 44 റണ്‍സുമായി ട്രിസ്റ്റൻ സ്റ്റബ്സ് പൊരുതി നോക്കിയെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. 26 പന്തില്‍ 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിഷഭ് പന്തായിരുന്നു ടീമിന്‍റെ മൂന്നാമത്തെ ടോപ് സ്‌കോറര്‍.
തന്‍റെ തിരിച്ചുവരവ് അടയാളപ്പെടുത്താന്‍ ഏറെ ക്ഷമയോടെയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ രാജസ്ഥാന്‍ ബോളര്‍മാരെ നേരിട്ടത്. എന്നാല്‍ രാജസ്ഥാന്‍റെ വെറ്ററന്‍ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് മുന്നില്‍ താരത്തിന് പിഴച്ചു. കുത്തിത്തിരിഞ്ഞ പന്തില്‍ ബാക്ക് ഫൂട്ട് കട്ടിന് ശ്രമിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഇന്നര്‍ എഡ്‌ജായി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന്‍റെ കയ്യിലാണ് അവസാനിച്ചത്.
മത്സരത്തില്‍ ഏറെ നിര്‍ണായക ഘട്ടത്തിലായിരുന്നു പന്ത് പുറത്തായത്. ഇതോടെ കനത്ത നിരാശയോടെയും ദേഷ്യത്തോടെയുമായിരുന്നു താരം തിരികെ മടങ്ങിയത്. ഡ്രെസ്സിങ് റൂമിലേക്ക് കയറുന്ന വഴിയിലുണ്ടായിരുന്ന കറുത്ത കര്‍ട്ടനില്‍ തന്‍റെ ബാറ്റ് അടിച്ച് കലിപ്പ് തീര്‍ക്കുന്ന പന്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.