ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റര്‍ റിങ്കു സിങ് വിവാഹിതനാവുന്നതായി റിപ്പോര്‍ട്ട്. സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭാംഗവുമായ പ്രിയ സരോജാണ് വധുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിയമം പഠിച്ചിട്ടുള്ള പ്രിയ സരോജിന് ശക്തമായ രാഷ്‌ട്രീയ പശ്ചാത്തലമുണ്ട്.
മൂന്ന് തവണ എംപിയും നിലവിൽ ജൗൻപൂരിലെ കെരകത്തിൽ നിന്നുള്ള എംഎൽഎയുമായ തുഫാനി സരോജിന്‍റെ മകളാണ് പ്രിയ. റിങ്കുവിന്‍റേയും പ്രിയയുടേയും വിവാഹനിശ്ചയം അടുത്തിടെ കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി തുഫാനി സരോജ് കഴിഞ്ഞ വ്യാഴായ്‌ച അലിഗഡിൽ എത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നിരുന്നാലും, വിവാഹ തീയതി ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിലെ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗമാണ് 25-കാരിയായ പ്രിയ സരോജ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുപിയില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ മച്ച്‌ലിഷഹർ മണ്ഡലത്തിൽ നിന്നായിരുന്നു പ്രിയ ജയിച്ച് കയറിയത്. സിറ്റിങ് എംപി കൂടിയായ ബിജെപിയുടെ ഭോലാനാഥിനെ 35,850 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അവര്‍ പരാജയപ്പെടുത്തിയത്.
നേരത്തെ, സുപ്രീം കോടതിയിൽ അഭിഭാഷകയായും പ്രിയ പ്രവർത്തിച്ചിട്ടുണ്ട്. ജഡ്‌ജിയാവണമെന്ന മോഹം മാറ്റിവച്ചാണ് പ്രിയ സരോജ് പിതാവിന്‍റെ പാത പിന്തുടർന്ന് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. അതേസമയം ഇന്ത്യന്‍ ടി20 ടീമിലെ ഫിനിഷറുടെ സ്ഥാനമാണ് 27-കാരനായ റിങ്കുവിനുള്ളത്.
ALSO READ: ഇതു കോലിയെപ്പറ്റിയല്ല, പക്ഷെ...അതിനൊക്കെ ആര് അനുവദിച്ചു; പൊട്ടിത്തെറിച്ച് ഇര്‍ഫാന്‍ പഠാന്‍
2023-ലെ ഐപിഎല്ലിൽ ഒരോവറിൽ അഞ്ച് സിക്‌സ് അടക്കം 31 റൺസടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചതോടെയാണ് താരം ശ്രദ്ധേയനാവുന്നത്. ഇത്തവണ മെഗാ താരലേലത്തിന് മുമ്പായി 13 കോടി രൂപക്ക് ഫ്രാഞ്ചൈസി റിങ്കുവിനെ നിലനിര്‍ത്തിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിന്‍റെ ഭാഗമാണ് റിങ്കു. അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര ജനുവരി 22 ന് കൊൽക്കത്തയിൽ ആരംഭിക്കും.