മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ് (Real Madrid). സീസണിലെ 26-ാം മത്സരത്തില്‍ സെവിയ്യയെയാണ് റയല്‍ തകര്‍ത്തത്. ലൂക്ക മോഡ്രിച്ച് (Luka Modric) നേടിയ ഏക ഗോളിന്‍റെ കരുത്തിലായിരുന്നു ലോസ് ബ്ലാങ്കോസിന്‍റെ ജയം (Real Madrid vs Sevilla Result).
സീസണില്‍ റയല്‍ മാഡ്രിഡ് നേടുന്ന ഇരുപതാമത്തെ ജയമാണിത്. ഈ ജയത്തോടെ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായുള്ള പോയിന്‍റ് വ്യത്യാസം കൂട്ടാനും റയലിനായി. നിലവില്‍ 65 പോയിന്‍റോടെയാണ് റയല്‍ പോയിന്‍റ് പട്ടികയുടെ തലപ്പത്തിരിക്കുന്നത് (Real Madrid Points In La Liga). 26 മത്സരം കളിച്ച ബാഴ്‌സയ്‌ക്ക് 57 പോയിന്‍റാണുള്ളത് (La Liga Points Table After Match Day 26).
സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ റയലായിരുന്നു ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ പത്താം മിനിറ്റില്‍ വാസ്‌കസ് റയലിനായി സെവിയ്യയുടെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍, വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു.
ഗോളിലേക്ക് റയല്‍ എത്തുന്നതിന് മുന്‍പ് നാച്ചോ എൻ നെസിറിയെ ഫൗള്‍ ചെയ്‌തിരുന്നു. നാച്ചോയുടെ ഫൗളിന് പിന്നാലെ പന്ത് പിടിച്ചെടുത്ത് വിനീഷ്യസ് ജൂനിയര്‍ നടത്തിയ മുന്നേറ്റമായിരുന്നു വാസ്‌കസ് ലക്ഷ്യത്തിലെത്തിച്ചത്. പിന്നീട് ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ ഇരു ടീമിനും മുതലെടുക്കാനായില്ല.