യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളില്‍ തകര്‍ന്നുവീണ് വമ്പൻമാർ. സാന്‍റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ എ.സി മിലാനോട് റയൽ മാഡ്രിഡിനെ അടിയറവ് പറഞ്ഞു. 3-1 എന്ന സ്‌കോറിനായിരുന്നു റയല്‍ വീണത്. ലാലിഗയിൽ ബാഴ്‌സലോണയിൽനിന്നേറ്റ തോൽവിയുടെ ക്ഷീണം മാറും മുൻപാണ് റയലിന് വീണ്ടും കഷ്‌ടകാലമായത്.
മത്സരത്തിൽ പകുതിയിലേറെയും പന്ത് റയലിന്‍റെ കൈവശമായിരുന്നു. എന്നാൽ നിർണായക സമയത്ത് ഗോളടിക്കാന്‍ ടീമിന് കഴിഞ്ഞില്ല. റയൽ മിലാന്‍റെ ഗോൾ വല ലക്ഷ്യമാക്കി 23 ഷോട്ടുകളായിരുന്നു തൊടുത്തത്. 10 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 12–ാം മിനുറ്റിൽ മാലിക് തിയാവ് മിലാന് വേണ്ടി ആദ്യ ഗോൾ നേടി ലീഡ് സ്വന്തമാക്കി.
എന്നാല്‍ ഒരു ഗോൾ വഴങ്ങിയതോടെ സമനിലക്കായി റയൽ പ്രതിരോധം ശക്തമാക്കി പൊരുതിക്കളിച്ചു. പിന്നാലെ മുൻ റയൽ താരം കൂടിയായ അൽവാരോ മൊറാട്ട (39–ാം മിനിറ്റ്), ടിജ്ജാനി റെയിൻഡേഴ്സ് (73–ാം മിനിറ്റ്) എന്നിവരും മിലാന് വേണ്ടി ലക്ഷ്യം കണ്ടു. റയലിന്‍റെ ആശ്വാസ ഗോൾ വിനീസ്യൂസ് ജൂനിയർ 23–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് സ്വന്തമാക്കി. നാലു മത്സരത്തിൽനിന്ന് ആറു പോയിന്‍റുമായി റയൽ പട്ടികയിൽ 17–ാം സ്ഥാനത്താണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക