ബെംഗളൂരു :വനിത പ്രീമിയര്‍ ലീഗില്‍ (Women's Premier League) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (Royal Challengers Bangalore) ജയത്തുടക്കം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവസാന പന്തിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ യുപി വാരിയേഴ്‌സിനെതിരെ രണ്ട് റണ്‍സിന്‍റെ ജയമാണ് ആര്‍സിബി നേടിയത്. അഞ്ച് വിക്കറ്റ് നേടിയ മലയാളി താരം ശോഭന ആശയുടെ പ്രകടനമാണ് മത്സരത്തില്‍ ആര്‍സിബിയുടെ ജയത്തിന് നിര്‍ണായകമായത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ആര്‍സിബി ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി വാരിയേഴ്‌സിന്‍റെ പോരാട്ടം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 155 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
158 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യുപി വാരിയേഴ്‌സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ടാം ഓവറില്‍ സ്കോര്‍ പത്തില്‍ നില്‍ക്കെ ക്യാപ്‌റ്റൻ അലീസ ഹിലിയെ അവര്‍ക്ക് നഷ്‌ടമായി. നാല് പന്തില്‍ അഞ്ച് റണ്‍സ് നേടിയ താരത്തെ സോഫി മൊലിന്യൂക്‌സാണ് പുറത്താക്കിയത്. വൃന്ദ ദിനേശും താഹില മക്ഗ്രാത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
9-ാം ഓവറില്‍ ശോഭന ആശ യുപി വാരിയേഴ്‌സിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ആദ്യ പന്തില്‍ 28 പന്തില്‍ 18 റണ്‍സ് നേടിയ വൃന്ദയെ പുറത്താക്കി. മൂന്നാം പന്തില്‍ താഹില മക്ഗ്രാത്തിനെയും (22) ശോഭന മടക്കി.