ബെംഗളൂരു :ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പ്ലേഓഫില്‍ എത്തുന്ന നാലാമനെ ഇന്ന് അറിയാം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് പ്ലേഓഫിലെ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി പോരടിക്കാൻ ഇറങ്ങുന്നത്. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം.
പോയിന്‍റ് പട്ടികയില്‍ യഥാക്രമം നാലും ഏഴും സ്ഥാനങ്ങളിലാണ് സിഎസ്‌കെയും ആര്‍സിബിയും. നിലവിലെ നാലാം സ്ഥാനക്കാരായ ചെന്നൈയ്‌ക്ക് ഇന്നത്തെ ജയം മാത്രം മതി പ്ലേഓഫ് ഉറപ്പിക്കാൻ. എന്നാല്‍, മറുവശത്ത് നെറ്റ് റണ്‍റേറ്റിലും സൂപ്പര്‍ കിങ്‌സിനെ മറികടന്നുകൊണ്ടുള്ള ജയം നേടിയാല്‍ മാത്രമാകും ആര്‍സിബിയ്‌ക്ക് ആദ്യ നാലില്‍ കടക്കാൻ സാധിക്കുക.
അതിനായി ചെന്നൈ ഉയര്‍ത്തുന്ന വിജയലക്ഷ്യം 18.2 ഓവറിനുള്ളില്‍ പിന്തുടരുകയോ, അല്ലെങ്കില്‍ അവരെ 18ല്‍ അധികം റണ്‍സിന് ബെംഗളൂരു പരാജയപ്പെടുത്തുകയോ വേണം. ഈ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമാകും ആര്‍സിബിയ്‌ക്ക് പ്ലേഓഫില്‍ പ്രവേശിക്കാൻ സാധിക്കുക. അതേസമയം, മത്സരത്തിന് മഴഭീഷണിയുള്ളത് ആര്‍സിബിയ്‌ക്ക് ആശങ്കയാണ്. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ചെന്നൈ ആയിരിക്കും പ്ലേഓഫിന് യോഗ്യത നേടുക.
തുടര്‍ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ആര്‍സിബി ഇന്ന് നിര്‍ണായക മത്സരത്തില്‍ ചെന്നൈയെ നേരിടാൻ ഇറങ്ങുന്നത്. വിരാട് കോലി, ഫാഫ് ഡുപ്ലെസിസ്, രജത് പടിദാര്‍ എന്നിവരിലാണ് ടീമിന്‍റെ റണ്‍സ് പ്രതീക്ഷ. വില്‍ ജാക്‌സ് മടങ്ങിയത് ടീമിന് തിരിച്ചടിയാണ്.
ജാക്‌സിന്‍റെ അഭാവത്തില്‍ ഗ്ലെൻ മാക്‌സ്‌വെല്‍ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്താനാണ് സാധ്യതകള്‍ ഏറെയും. ബൗളിങ്ങില്‍ ആര്‍സിബിയുടെ ഇന്ത്യൻ കരുത്ത് ഇന്നും പരീക്ഷിക്കപ്പെട്ടേക്കാം. മുഹമ്മദ് സിറാജ്, യാഷ് ദയാല്‍, കരണ്‍ ശര്‍മ എന്നിവരുടെ പ്രകടനങ്ങള്‍ നിര്‍ണായകമായേക്കും.
ക്യാപ്‌റ്റൻ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ പ്രകടനത്തേയാണ് സിഎസ്‌കെ ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡാരില്‍ മിച്ചല്‍ താളം കണ്ടെത്തിയതും ടീമിന് ആശ്വാസം. ചിന്നസ്വാമിയിലെ റണ്‍സ് ഒഴുകുന്ന പിച്ചില്‍ ശിവം ദുബെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് അവരുടെ പ്രതീക്ഷ.
മൊയീൻ അലിയുടെ മടക്കം ചെന്നൈയ്‌ക്കും തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ മിച്ചല്‍ സാന്‍റ്‌നര്‍ ടീമിലേക്ക് എത്തിയേക്കാം. അവസാന ഓവറുകളില്‍ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും മത്സരത്തില്‍ നിര്‍ണായകമാകും. ബൗളിങ്ങില്‍ ഇന്ത്യൻ താരങ്ങളാണ് ചെന്നൈയുടെയും പ്രതീക്ഷ.
ആര്‍സിബി സാധ്യത ടീം :ഫാഫ് ഡുപ്ലെസിസ് (ക്യാപ്‌റ്റൻ), വിരാട് കോലി, ഗ്ലെൻ മാക്‌സ്‌വെല്‍, രജത് പടിദാര്‍, മഹിപാല്‍ ലോംറോര്‍, കാമറൂണ്‍ ഗ്രീൻ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), യാഷ് ദയാല്‍, മുഹമ്മദ് സിറാജ്, കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസൻ, സ്വപ്‌നില്‍ സിങ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ടീം :റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റൻ), രചിൻ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, സമീര്‍ റിസ്‌വി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സാന്‍റ്‌നര്‍, ശാര്‍ദുല്‍ താക്കൂര്‍, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്‌പാണ്ഡെ, സിമര്‍ജീത് സിങ്.