ചെന്നൈ:അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ജന്മനാട്ടില്‍ തിരിച്ചെത്തി രവിചന്ദ്രൻ അശ്വിൻ. ഓസ്‌ട്രേലിയയില്‍ നിന്നും ഇന്ന് (ഡിസംബര്‍ 19) രാവിലെയാണ് അശ്വിൻ ചെന്നൈയിലെത്തിയത്. വീട്ടിലേക്ക് എത്തിയ അശ്വിന് വൻ സ്വീകരണമായിരുന്നു പ്രദേശവാസികളൊരുക്കിയിരുന്നത്.
നാട്ടിലേക്ക് എത്തിയ താരത്തെ വാദ്യമേളങ്ങളോടെയാണ് അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് സ്വീകരിച്ചത്. ഇവര്‍ പുഷ്‌പവൃഷ്ടിയും നടത്തി. ഭാര്യ പ്രീതിയും മക്കളും അശ്വിനെ സ്വീകരിക്കുന്നതിന് വേണ്ടി രാവിലെ വിമാനത്താവളത്തിലെത്തിയിരുന്നു.
അടുത്ത സുഹൃത്തുക്കളും അശ്വിന്‍റെ വീട്ടിലേക്കെത്തിയിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്നലെ (ഡിസംബര്‍ 18) ബ്രിസ്‌ബേനില്‍ സമനിലയില്‍ പിരിഞ്ഞതിന് പിന്നാലെയാണ് അശ്വിൻ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. തന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ ഒരുപാട് പേര്‍ വൈകാരികമായി പ്രതികരിക്കുന്നുണ്ടെങ്കിലും തനിക്ക് സംതൃപ്‌തി തോന്നുന്ന ഒരു തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് അശ്വിൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'ഒരുപാട് ആളുകള്‍ക്ക് ഇത് വൈകാരികമായ കാര്യമാണ്. കുറച്ച് കഴിയുമ്പോള്‍ പലരും ഇക്കാര്യം മറന്നുപോകും. വ്യക്തിപരമായി എനിക്ക് ആശ്വാസവും സംതൃപ്‌തിയും നല്‍കുന്ന തീരുമാനമാണ് സ്വീകരിച്ചത്. ഇതേ കുറിച്ച് ഒരുപാട് നാളായി ഞാൻ ചിന്തിക്കുന്നുണ്ട്. മത്സരത്തിന്‍റെ നാലം ദിവസം തന്നെ ഇതാണ് ആ ദിനമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.