മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ പുറത്താക്കിയ ക്യാച്ചിന് കയ്യടി നേടി ജമ്മു കശ്‌മീരിന്‍റെ പരസ് ദോദ്ര. ഒരു തവണ നോ-ബോള്‍ ഭാഗ്യം തുണച്ച രഹാനെയെ അതിശയിപ്പിക്കുന്ന ഫീൽഡിങ് പ്രകടനത്തിലൂടെയാണ് 40-കാരനായ പരസ് ദോദ്ര പറന്നുപിടിച്ചത്. 27-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ജമ്മു കശ്‌മീര്‍ പേസര്‍ ഉമർ നസീറാണ് മുംബൈ ക്യാപ്റ്റനെ പുറത്താക്കുന്നത്.
ഉമർ നസീറിന്‍റെ ഫുള്ളര്‍ ഡെലിവറി കവറിലേക്ക് ചിപ്പ് ചെയ്യാനായിരുന്നു രഹാനെയുടെ ശ്രമം. എന്നാല്‍ ഒരു ഫുൾ-ലെങ്ത് ഡൈവ് നടത്തിക്കൊണ്ട് പരസ് ദോദ്ര താരത്തെ പറന്നുപിടിച്ചു. 36 പന്തുകൾ നിന്നും 16 റൺസായിരുന്നു താരത്തിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ ഇതിന് മുമ്പ് താരത്തിന് ഒരു തവണ ജീവന്‍ ലഭിച്ചിരുന്നു. ഉമര്‍ നസീറിന്‍റെ തന്നെ പന്തില്‍ ഔട്ടായി ഡ്രസ്സിങ് റൂമിലെത്തിയ രഹാനെയെ നാടകീയമായി തിരിച്ചുവിളിക്കുകയായിരുന്നു. 25-ാം ഓവറിലായിരുന്നു നാടകീയമായ ഈ സംഭവം അരങ്ങേറിയത്.
ഉമര്‍ നസീറിന്‍റെ ഷോര്‍ട്ട് പിച്ച് ബോള്‍ പുള്‍ ചെയ്യാനുള്ള രഹാനെയുടെ ശ്രമം പാളി. ഗ്ലൗസിലുരഞ്ഞ ബോള്‍ വിക്കറ്റ് കീപ്പര്‍ കയ്യിലൊതുക്കുകയും ചെയ്‌തു. അമ്പയര്‍ ഔട്ട് നല്‍കിയതോടെ രഹാനെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകും ചെയ്‌തു. എന്നാല്‍ ഇതിന് ശേഷം രഹാനെ ഔട്ടായ പന്ത് നോ ബോളാണോ എന്ന് അമ്പയര്‍മാര്‍ പരിശോധിച്ചു.
ALSO READ: ഒരൊറ്റ ഇന്ത്യന്‍ താരവുമില്ല!; 2024-ലെ ഏകദിന ടീം പ്രഖ്യാപിച്ച് ഐസിസി - ICC ODI TEAM OF THE YEAR 2024
ഇതു ഫ്രണ്ട് ഫൂട്ട് നോബോള്‍ ആണെന്ന് കണ്ടെത്തുകയും ചെയ്‌തു. ഇതോടെ ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന രഹാനെയെ തിരികെ വിളിക്കുകയും ബാറ്റുചെയ്യാന്‍ ഇറങ്ങിയ ശാര്‍ദുല്‍ താക്കൂറിനെ മടക്കി അയക്കുകയും ചെയ്‌തു. നിയമപ്രകാരം ഒരു ബാറ്റര്‍ ഔട്ടായാല്‍ അടുത്ത പന്തെറിയുന്നതിന് മുമ്പ് അതു നിയമപ്രകാരമല്ലെന്ന് വ്യക്തമായാല്‍ ആ ബാറ്ററെ അമ്പയര്‍ക്ക് തിരിച്ചുവിളിക്കാനാവും. പക്ഷെ, പരസ് ദോദ്രയുടെ പറവ ക്യാച്ച് രഹാനെയെ വീണ്ടും തിരികെ കയറ്റി.