കേരളം

kerala

ETV Bharat / sports

രഞ്ജി ട്രോഫിയില്‍ കേരളത്തിന് എതിരെ മുംബൈ 251 ന് ഓൾഔട്ട് - രഞ്ജി ട്രോഫി കേരളം മുംബൈ

Ranji Trophy അർധസെഞ്ച്വറിയുമായി തിളങ്ങി ശിവം ദുബെ. നാല് വിക്കറ്റുമായി കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത് ശ്രേയസ് ഗോപാല്‍.

ranji-trophy-elite-group-kerala-mumbai
ranji-trophy-elite-group-kerala-mumbai

By ETV Bharat Kerala Team

Published : Jan 20, 2024, 12:29 AM IST

തിരുവനന്തപുരം:അഫ്‌ഗാനിസ്ഥാന് എതിരായ ടി20 പരമ്പരയില്‍ തകർപ്പൻ ഫോം തുടർന്ന ശിവം ദുബെ രഞ്ജി ട്രോഫിയിലും അതേ മികവില്‍. കേരളത്തിന് എതിരെ തിരുവനന്തപുരത്ത് നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ്ബിയിലെ നിര്‍ണായക മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി അർധസെഞ്ച്വറിയുമായി ശിവം ദുബെ തിളങ്ങി. 72 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 51 റൺസാണ് ദുബെ നേടിയത്.

63 പന്തിൽ 50 റൺസ് നേടിയ ഭൂപൻ ലാൽവാനി, 56 റൺസ് നേടിയ തനുഷ് കോട്ടിയൻ എന്നിവരുടെ മികവില്‍ മുംബൈ 251 റൺസ് നേടി. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ബേസില്‍ തമ്പിയും ജലജ് സക്‌സേനയുമാണ് മുംബൈയെ 251 റൺസിന് ഓൾഔട്ടാക്കിയത്. അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയ്ക്കു ശേഷം കേരള ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തിയ സഞ്ജു സാംസണ്‍ നാല് ക്യാച്ചുകളുമായി തിളങ്ങി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് മുംബൈയുടെ ഓപ്പണര്‍ ജയ് ഗോകുല്‍ ബിസ്തയെ ഇന്നിങ്‌സിന്‍റെ ആദ്യ പന്തിലും രഹാനെയെ (ഗോള്‍ഡന്‍ ഡക്ക്) രണ്ടാം പന്തിലും പുറത്താക്കി ബേസില്‍ തമ്പി കേരളത്തിന് തകര്‍പ്പന്‍ തുടക്കമാണ് സമ്മാനിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഗോള്‍ഡന്‍ ഡക്കാകുന്നത്. ആന്ധ്രക്കെതിരെയും താരം ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.

ഇന്നിങ്‌സിലെ ഒരു ഘട്ടത്തില്‍ പോലും മുംബൈയെ മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. പ്രസാദ് പവാര്‍ (28), സുവേദ് പാര്‍ക്കര്‍ (18), മോഹിത് അവാസ്തി (16) എന്നിവരാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. നേരത്തേ ഗ്രൂപ്പ് ബിയില്‍ ആദ്യ രണ്ട് മത്സരങ്ങളിലും സമനില വഴങ്ങിയ കേരളത്തിന് മുംബൈക്കെതിരായ പോരാട്ടം നിര്‍ണായകമാണ്.

ഉത്തര്‍ പ്രദേശിനോടും അസമിനോടുമാണ് കേരളം സമനിലയില്‍ പിരിഞ്ഞത്. നിലവില്‍ ഗ്രൂപ്പ് ബിയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. അതേസമയം കളിച്ച രണ്ട് മത്സരങ്ങളിലും ഇന്നിങ്‌സ് ജയം നേടിയ മുംബൈ 14 പോയന്റുമായി ഒന്നാം സ്ഥാനത്താണ്.

ABOUT THE AUTHOR

...view details