ജയ്‌പൂര്‍:ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് സീസണിലെ ഏഴാം ജയം സ്വന്തമാക്കി പ്ലേ ഓഫിന് അരികിലെത്തി രാജസ്ഥാൻ റോയല്‍സ്. സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് മുംബൈ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ എട്ട് പന്ത് ശേഷിക്കെയാണ് രാജസ്ഥാൻ റോയല്‍സ് മറികടന്നത്. യുവതാരം യശ്വസി ജയ്‌സ്വാള്‍ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് എത്തിയ മത്സരത്തില്‍ ഓപ്പണര്‍ ജോസ് ബട്‌ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്‌ടപ്പെട്ടത്.
സവായ് മാൻസിങ് സ്റ്റേഡിയത്തിലെ സീസണിലെ അവസാന മത്സരത്തില്‍ 180 എന്ന താരതമ്യേന ഭേദപ്പെട്ട സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാൻ റോയല്‍സിന് വേണ്ടി യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ചു. പവര്‍പ്ലേയില്‍ 61 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ആദ്യ ആറ് ഓവര്‍ അവസാനിച്ചതിന് പിന്നാലെ മഴയെ തുടര്‍ന്ന് മത്സരം അല്‍പനേരം തടസപ്പെട്ടിരുന്നു.
തുടര്‍ന്ന്, മത്സരം പുനരാരംഭിച്ച ശേഷം എറിഞ്ഞ രണ്ടാം ഓവറില്‍ ജോസ് ബട്‌ലറെ മുംബൈയുടെ വെറ്ററൻ സ്‌പിന്നര്‍ പിയൂഷ് ചൗള പുറത്താക്കി. 25 പന്തില്‍ 35 റണ്‍സായിരുന്നു ബട്‌ലര്‍ നേടിയത്. ബട്‌ലര്‍ പുറത്താകുമ്പോള്‍ എട്ട് ഓവറില്‍ 74 എന്ന നിലയിലായിരുന്നു രാജസ്ഥാൻ.
പിന്നീട്, ക്രീസില്‍ ഒന്നിച്ച യശസ്വി ജയ്‌സ്വാള്‍ - ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍ സഖ്യം മുംബൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ച് സ്കോര്‍ ഉയര്‍ത്തി. മുംബൈയുടെ ഫീല്‍ഡിങ് പിഴവ് കൊണ്ട് വിക്കറ്റില്‍ നിന്നും രക്ഷപ്പെട്ട സഞ്ജു പുറത്താകാതെ 28 പന്തില്‍ 38 റണ്‍സ് നേടി. മറുവശത്ത്, നേരിട്ട 59-ാം പന്തില്‍ യശസ്വി ജയ്‌സ്വാള്‍ ഐപിഎല്‍ കരിയറില്‍ തന്‍റെ രണ്ടാമത്തെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. മത്സരത്തില്‍ 60 പന്തില്‍ ഏഴ് സിക്‌സറുകളുടെയും ഒൻപത് ഫോറുകളുടെയും അകമ്പടിയില്‍ പുറത്താകാതെ 104 റണ്‍സാണ് യശസ്വി സ്വന്തമാക്കിയത്.
Also Read :'ബോളര്‍മാരാണ് കഷ്‌ടപ്പെടുന്നത്; ബൗണ്ടറി ലൈനിന്‍റെ നീളം കൂട്ടണം' - Sunil Gavaskar On IPL 2024
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തിലാണ് 179 റണ്‍സ് നേടിയത്. അഞ്ച് വിക്കറ്റ് നേടിയ സന്ദീപ് ശര്‍മയായിരുന്നു മുംബൈയെ എറിഞ്ഞൊതുക്കിയത്. തകര്‍ച്ചയോടെ തുടങ്ങിയ അവരെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത് തിലക് വര്‍മ (65), നേഹല്‍ വധേര (49) എന്നിവരുടെ പ്രകടനങ്ങളായിരുന്നു. രോഹിത് ശര്‍മ (6), ഇഷാൻ കിഷൻ (0), സൂര്യകുമാര്‍ യാദവ് (10), മുഹമ്മദ് നബി (23), ഹാര്‍ദിക് പാണ്ഡ്യ (10), ടിം ഡേവിഡ് (3), ജെറാള്‍ഡ് കോട്‌സി (0), ജസ്‌പ്രീത് ബുംറ (2), പിയൂഷ് ചൗള (1*) എന്നിങ്ങനെയാണ് മറ്റ് മുംബൈ താരങ്ങളുടെ സ്കോറുകള്‍.