ലഖ്‌നൗ:ഐപിഎൽ പതിനേഴാം പതിപ്പിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഏകന സ്പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ സൂപ്പർ ജയന്‍റ്‌സ് ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ (33 പന്തില്‍ 73), യുവ ബാറ്റർ ധ്രുവ് ജുറെൽ (34 പന്തില്‍ 52) എന്നിവരുടെ മികവിൽ ഒരു ഓവർ ശേഷിക്കെയാണ് രാജസ്ഥാൻ മറികടന്നത്. സീസണിൽ രാജസ്ഥാൻ റോയൽസിന്‍റെ എട്ടാം ജയമാണിത്.
നേരത്തെ, ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 196 റണ്‍സിലേക്ക് എത്തിയത്. ക്യാപ്‌റ്റൻ കെഎല്‍ രാഹുല്‍ (48 പന്തില്‍ 76), ദീപ് ഹൂഡ (31 പന്തില്‍ 50) എന്നിവരുടെ പ്രകടനങ്ങളായിരുന്നു ലഖ്‌നൗവിന് സ്വന്തം തട്ടകത്തില്‍ പൊരുതാവുന്ന മികച്ച സ്കോര്‍ സമ്മാനിച്ചത്. രാജസ്ഥാനായി പന്തെറിഞ്ഞ സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങില്‍ തരക്കേടില്ലാത്ത തുടക്കമായിരുന്നു രാജസ്ഥാൻ റോയല്‍സിന് ലഭിച്ചത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് നേടി. പവര്‍പ്ലേയിലെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ബട്‌ലറെ പുറത്താക്കി യാഷ് താക്കൂര്‍ ആയിരുന്നു രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിക്കുന്നത്.