കാസർകോട്: കമ്പള എന്ന് കേട്ടിട്ടുണ്ടോ? തുളുനാടിന്‍റെ സ്വന്തം കായിക വിനോദമാണ് ‘കമ്പള’. ഒരുകാലത്തെ കാസർകോട്ടെ ആഘോഷം ആയിരുന്നു കമ്പള. കാസർകോടിന് പുറത്ത് നിന്നുള്ളവർക്ക് കമ്പള എന്ന വാക്ക് അത്ര പരിചിതമായിരിക്കില്ല. പോത്തോട്ട മത്സരത്തിനാണ് കമ്പള എന്ന് പറയുന്നത്. ഒരുകാലത്ത് കാസർകോട് നടക്കാറുണ്ടെങ്കിലും ഇപ്പോൾ കർണാടകയിൽ പോയാൽ മാത്രമേ ഇത് കാണാൻ കഴിയുകയുള്ളൂ. പ്രത്യേകിച്ച് ദക്ഷിണ കന്നഡയിൽ.
നിയമങ്ങൾ കടുപ്പിച്ചതോടെയാണ് ജില്ലയിലെ കമ്പള അപൂർവമായത്. എന്നാൽ കാസർകോട് നിന്നുള്ള അഞ്ചിലേറെ ടീമുകൾ കർണാടകയിലെ കമ്പളയിൽ സജീവ സാന്നിധ്യമാണ്. കാരിരുമ്പിന്‍റെ നിറവും കരുത്തുമുള്ള പോത്തുകൾ ട്രാക്കിൽ വേഗത കൊണ്ട് വിസ്‌മയം തീർക്കുന്ന കാഴ്‌ച ഹരം കൊള്ളിക്കുന്നതാണ്. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളും കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയും ഉൾപ്പെടുന്ന തുളു നാടിന്‍റെ സാംസ്‌കാരിക തനിമ കൂടി വിളിച്ചോതുന്നതാണ് ഓരോ കമ്പളയും.
ദക്ഷിണ കന്നഡ ജില്ലയിൽ ചെറുതും വലുതുമായ ഒട്ടേറെ മത്സരങ്ങൾ ഓരോ വർഷവും നടക്കാറുണ്ട്. 150ലേറെ ടീമുകൾ അണിനിരക്കുന്ന പുത്തൂർ കമ്പളയാണ് ഇതിൽ ഏറ്റവും ആകർഷണം. കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ പത്തിലേറെ കമ്പളകൾ നടക്കാറുണ്ടായിരുന്നു. പൈവളിഗെ, മുള്ളേരിയ കാർലെ തുടങ്ങിയവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.
എന്നാൽ കമ്പളയ്ക്കായി പോത്തുകളെ ഓടിക്കുമ്പോൾ അതിനെ അടിക്കുന്നതിനെതിരെ മൃഗസ്നേഹികളുടെ സംഘടന സുപ്രീംകോടതിയെ സമീപിക്കുകയും 2014ൽ കോടതി ഇത് നിരോധിക്കുകയും ചെയ്‌തു. പോത്തുകളെ ഉപദ്രവിക്കുന്നില്ലെന്ന് പറഞ്ഞ് ഇതിൽ ഓർഡിനൻസിലൂടെ ഭേദഗതി വരുത്തിയാണ് കർണാടക സർക്കാർ ഇത് തുടരാൻ അനുമതി നൽകിയത്.
2018ൽ പൈവളിഗെയിൽ നടന്ന കമ്പളയ്ക്ക് ജില്ല ഭരണകൂടം അനുമതി നൽകിയത് പോത്തുകളെ അടിക്കാൻ വടി എടുക്കാൻ പാടില്ലെന്ന ഉപാധികളോടെയായിരുന്നു. പൈവളിഗെ അണ്ണ തമ്മ ജോഡ്‌കളു കമ്പള സമിതിയുടെ നേതൃത്വത്തിലായിരുന്നു അത്. കാർലെയിൽ ഉണ്ടായിരുന്ന ട്രാക്ക് പൂർണമായും ഇല്ലാതായി.
അതേസമയം കേരള–കർണാടക അതിർത്തിയായ അരിബയലിൽ ഈ മാസം 4 ന് കമ്പള നടന്നതാണ് ഏറ്റവും ഒടുവിലത്തേത്. ഇവിടെ സൗകര്യമില്ലാത്തതിനാൽ, കർണാടകയിലെ അതിർത്തി പ്രദേശങ്ങളിലെ ട്രാക്കുകളിൽ കൊണ്ട് പോയാണ് ജില്ലയിലെ ടീമുകൾ പോത്തുകളെ പരിശീലിപ്പിക്കുന്നത്.
കഴുത്തിൽ നുകം കെട്ടിയും കലപ്പ കെട്ടിയും: പോത്തുകളുടെ കഴുത്തിൽ നുകം കെട്ടിയും കലപ്പ കെട്ടിയും ഉൾപ്പെടെ ആറ് ഇനങ്ങളിലാണ് മത്സരങ്ങൾ. കാസർകോട്ടെ കമ്പള പ്രേമികളും ഇതിലേക്ക് ഒഴുകിയെത്താറുണ്ട്. കർണാടകയിലെ കർഷക സമൂഹത്തിനിടയിൽ 800 വർഷത്തോളമായി പ്രചാരത്തിലുള്ള കമ്പളയെക്കുറിച്ച് ദൈവികമായ പല കഥകളും നിലവിലുണ്ട്.
ശിവഭഗവാനെ പ്രീതിപ്പെടുത്തി കൃഷിയിൽ സമൃദ്ധമായ വിളവ് നേടിയെടുക്കാനായി തുടങ്ങിയതാണ് കമ്പള എന്നാണ് ഒരു വിശ്വാസം. പിന്നീട് കമ്പളയിൽ ആകൃഷ്‌ടരായി രാജ്യത്തിന്‍റെ നാനാദിക്കുകളിൽ നിന്നും കാണികൾ എത്താൻ തുടങ്ങിയതോടെ ഇത് മത്സരത്തിലേക്ക് വഴിമാറി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു നാടിന്‍റെ പൈതൃകവും സംസ്‌കാരവും: വന്യമായ വേഗവും വശ്യമായ സൗന്ദര്യവും അതാണ് ‘കമ്പള’ മത്സരങ്ങൾ. ജയത്തിനെക്കാളുപരി ഒരു നാടിന്‍റെ പൈതൃകവും സംസ്‌കാരവും നിലനിർത്താനും തലമുറകളിലേക്ക് കൈമാറാനുമാണ് ചെളിക്കണ്ടത്തിൽ ഓട്ടക്കാർ കുതിക്കുന്നത്.
മക്കളെപ്പോലെ അവർ പോറ്റിവളർത്തുന്ന പോത്തുകുട്ടന്മാർകൂടി ചേരുമ്പോൾ കമ്പളപ്പാടങ്ങളിൽ ആവേശം അതിരുവിടും. കമ്പള ഓട്ടക്കാരും അവരുടെ വേഗവും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കർണാടകയിൽ കമ്പള ഒരു വികാരമാണ്.
ഓരോ വർഷവും ആയിരക്കണക്കിന് പേർ: 120 മുതൽ 160 വരെ മീറ്റർ നീളവും 8 മുതൽ 12 വരെ മീറ്റർ വീതിയുമുള്ള ട്രാക്കുകളിലാണ് (പാടം) മത്സരം. നവംബർ ആദ്യവാരം തുടങ്ങി മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുന്ന കമ്പള ടൂർണമെന്‍റിൽ 50ൽ അധികം മത്സരങ്ങളിലായി ആയിരക്കണക്കിന് പേരാണ് ഓരോ വർഷവും മത്സരിക്കുന്നത്.
കമ്പള കമ്പക്കാർ കർണാടകയിലേക്ക്:
ദിവസം | സ്ഥലം |
2024 ഡിസംബർ 22 | മുൽകി |
2024 ഡിസംബർ 28 | മംഗളൂരു |
2024 ഡിസംബർ 29 | ബള്ളമഞ്ച |
2025 ജനുവരി 4 | മിയാറു |
2025 ജനുവരി 11 | നരിങ്ങാന |
2025 ജനുവരി 18 | അഡ്വെ |
2025 ജനുവരി 25 | മൂഡബിദ്രി |
2025 ഫെബ്രുവരി 1 | ഐക്കള |
2025 ഫെബ്രുവരി 8 | ജപ്പു |
2025 ഫെബ്രുവരി 15 | തിരുവയൽ ഗുത്തു |
2025 ഫെബ്രുവരി 22 | കട്ടപ്പാടി |
2025 മാർച്ച് 1 | പുത്തൂർ |
2025 മാർച്ച് 8 | ബണ്ട്വാള |
2025 മാർച്ച് 15 | ബങ്കാടി |
2025 മാർച്ച് 22 | ഉപ്പിനങ്ങാടി |
2025 മാർച്ച് 29 | വേനൂർ |
2025 ഏപ്രിൽ 5 | ബൽമഞ്ച |
2025 ഏപ്രിൽ 12 | ഗുരുപുര |
ഏപ്രിൽ 19 | ശിവമൊഗ്ഗ |