ധര്‍മ്മശാല: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരെ കരാറില്‍ നിന്നും ബിസിസിഐ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid). കരാര്‍ തീരുമാനിക്കുന്നത് തങ്ങളല്ലെന്നും എന്നാല്‍ ഇരുവര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ ഇനിയും അവസരമുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
"അവര്‍ രണ്ട് പേരും എപ്പോഴും ഈ കൂട്ടത്തിലുണ്ട്. ക്രിക്കറ്റോ, ആഭ്യന്തര ക്രിക്കറ്റോ കളിക്കുന്ന എല്ലാവരും ഈ കൂട്ടത്തിന്‍റെ ഭാഗമാണ്. ആര്‍ക്ക് കരാര്‍ നല്‍കണമെന്ന് തീരുമാനിക്കുന്നത് ഞാനല്ല. അതു ബോര്‍ഡും സെലക്‌ടര്‍മാരുമാണ്.
സത്യം പറഞ്ഞാല്‍ അതിന്‍റെ മാനദണ്ഡം എന്താണ് എന്ന് പോലും എനിക്ക് അറിയില്ല. 15 അംഗ സ്‌ക്വാഡ് തിരഞ്ഞെടുപ്പില്‍ മാത്രമാണ് എന്നോട് അഭിപ്രായം ചോദിക്കാറുള്ളത്. അതില്‍ നിന്നും പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുന്നത് ഞാനും രോഹിത്തും ചേര്‍ന്നാണ്.
അതിനായി ഒരു താരത്തിന് കരാര്‍ ഉണ്ടോ എല്ലയോ എന്നത് ഞങ്ങള്‍ നോക്കാറേയില്ല. കരാര്‍ ഇല്ലെങ്കിലും ക്രിക്കറ്റിന്‍റെ വ്യത്യസ്ത ഫോർമാറ്റില്‍ ഇന്ത്യയ്‌ക്കായി കളിക്കുന്ന താരങ്ങള്‍ക്ക് മതിയായ ഉദാഹരണങ്ങള്‍ തന്നെ നമുക്ക് മുന്നിലുണ്ട്. ഈ തീരുമാനങ്ങൾ എടുക്കുമ്പോൾ കരാർ ലഭിച്ച കളിക്കാരുടെ പട്ടികയിൽ ആരൊക്കെയുണ്ടെന്ന് പോലും എനിക്ക് ചിലപ്പോൾ അറിയാറില്ല.
ആരും പുറത്തല്ല. അവര്‍ ഫിറ്റാണോയെന്നതാണ് ചോദ്യം. ക്രിക്കറ്റ് കളിക്കുകയും മികച്ച പ്രകടനത്തോടെ തങ്ങളെ തിരികെ എടുക്കാന്‍ സെലക്‌ടര്‍മാരെ വീണ്ടും നിര്‍ബന്ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്"- രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് (India vs England Test) ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍.