വിശാഖപട്ടണം:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ഇഷാന്‍ കിഷന്‍റെ ( Ishan Kishan) തിരിച്ചുവരവില്‍ പ്രതികരിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ( Rahul Dravid ). തിരിച്ച് വരവിന് തയ്യാറാവുമ്പോള്‍ ഇഷാന്‍ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. തങ്ങള്‍ ആരെയും ഒന്നിനും നിര്‍ബന്ധിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ശേഷമാണ് (India vs England 2nd Test) ഇന്ത്യന്‍ പരിശീലകന്‍ ഇതേക്കുറിച്ച് സംസാരിച്ചത്. രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍ ഇങ്ങിനെ....
"എല്ലാവർക്കും ടീമിലേക്ക് തിരിച്ചുവരാനുള്ള വഴിയുണ്ട്. ഇഷാൻ കിഷൻ ഞങ്ങളോട് ഒരു ഇടവേള ആവശ്യപ്പെട്ടു. അതു നല്‍കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷവുണ്ട്.
ഒന്നില്‍ നിന്നും ഞങ്ങള്‍ ആരെയും ഒഴിവാക്കുന്നില്ല. ഇഷാന്‍ കിഷനുമായി ബന്ധപ്പട്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞതാണ്. വീണ്ടും അതു വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവന്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് ഇറങ്ങണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
എന്നാല്‍ തയ്യാറാവുമ്പോള്‍ തീര്‍ച്ചയായും അവന്‍ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. എന്തു തന്നെ ആയാലും തീരുമാനം അവന്‍റേതാണ്. ഒന്നിനായും ഞങ്ങള്‍ അവനെ നിര്‍ബന്ധിക്കുന്നില്ല'' ദ്രാവിഡ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറിയ ഇഷാന് പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞിട്ടില്ല. അഭ്യന്തര മത്സരങ്ങള്‍ കളിച്ചാല്‍ ഇഷാന് ടീമിലേക്ക് തിരികെ എത്താമെന്ന് നേരത്തെ തന്നെ രാഹുല്‍ ദ്രാവിഡ് താരത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ തന്‍റെ ടീമായ ജാര്‍ഖണ്ഡിന് വേണ്ടി രഞ്ജി ട്രോഫിയില്‍ ഒരൊറ്റ മത്സരവും ഇഷാന്‍ ഇതുവരെ കളിച്ചിട്ടില്ല.