ബെംഗളൂരു:12 വർഷത്തിനിടെ ഇന്ത്യയിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് ബാറ്ററായി രച്ചിൻ രവീന്ദ്ര. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെയാണ് രച്ചിൻ ചരിത്ര നേട്ടം കൈവരിച്ചത്. 2012 ൽ 113 റൺസ് നേടിയ റോസ് ടെയ്‌ലറായിരുന്നു ഇന്ത്യയിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ അവസാന കിവീസ് ബാറ്റര്‍. ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലാണ് ബെംഗളൂരുവിന്‍റെ 'ലോക്കല്‍ ബോയ്' ആയ രച്ചിൻ നേട്ടം സ്വന്തമാക്കിയത്.
ബെംഗളൂരുവിൽ ജനിച്ച വെല്ലിംഗ്ടണിൽ നിന്നുള്ള ന്യൂസിലന്‍ഡിന്‍റെ സൂപ്പര്‍ ബാറ്റര്‍ 2023 ഏകദിന ലോകകപ്പിലെ അതേ പ്രകടനമാണ് ഇന്ത്യക്കെതിരായ ടെസ്റ്റിലും പുറത്തെടുത്തത്. ടിം സൗത്തിക്കൊപ്പം മികച്ച റൺസിന്‍റെ സുപ്രധാന കൂട്ടുകെട്ടുണ്ടാക്കിയ രവീന്ദ്ര ന്യൂസിലൻഡിന്‍റെ ലീഡ് 300ന് മുകളിലെത്തിച്ചു. ഇന്നിംഗ്‌സിന്‍റെ തുടക്കത്തിൽ രചിന്‍ വളരെ സാവധാനത്തിലാണ് തുടങ്ങിയത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് താരം ഉജ്ജ്വല സെഞ്ച്വറി പൂർത്തിയാക്കി. ഇന്ത്യയിൽ സെഞ്ച്വറി നേടുന്ന 18-ാമത്തെ കിവീസ് കളിക്കാരനായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
50 പന്തിൽ 3 ഫോറും 3 സിക്‌സും സഹിതം സൗത്തി 49 റൺസുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ആറാമത്തെ കളിക്കാരനായി സൗത്തി മാറി.