റാഞ്ചി :ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി ആര്‍ അശ്വിന് (R Ashwin) സ്വന്തം. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ (India vs England 4th Test) മൂന്നാം ദിനത്തിലാണ് അശ്വിന്‍ ചരിത്രം തീര്‍ത്തത്. രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിന്‍റെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ അശ്വിന് കഴിഞ്ഞിരുന്നു.
ഇതോടെ ഹോം ടെസ്റ്റില്‍ അശ്വിന്‍റെ വിക്കറ്റ് നേട്ടം 352-ലേക്ക് എത്തി. ഇന്ത്യയിൽ 350-ല്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ഏക താരമാണ് അശ്വിൻ. 37-കാരനായ ആര്‍ അശ്വിന്‍റെ 59-മത്തെ ടെസ്റ്റാണിത്.
ഇതുവരെ ഇതിഹാസ താരം അനില്‍ കുംബ്ലെയാണ് (Anil Kumble) ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടം കയ്യടക്കി വച്ചിരുന്നത്. 63 ടെസ്റ്റുകള്‍ നിന്നും 350 വിക്കറ്റുകളായിരുന്നു താരം വീഴ്‌ത്തിയത്. 265 വിക്കറ്റുകളുമായി ഹര്‍ഭജന്‍ സിങ് (Harbhajan Singh), 219 വിക്കറ്റുകളുമായി കപില്‍ ദേവ് (Kapil Dev) എന്നിവരാണ് പിന്നിലുള്ളത്.
അതേസമയം സ്വന്തം മണ്ണില്‍ മൂന്നൂറ്റിഅന്‍പതോ അതില്‍ കൂടുതലോ വിക്കറ്റുകള്‍ വീഴ്‌ത്തുന്ന താരങ്ങളുടെ പട്ടികയിലും അശ്വിന് ഇടം ലഭിച്ചു. പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമാണ് അശ്വിന്‍. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് (Muttiah Muralitharan) ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം.