ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്‌മൃതി മന്ദാന റെക്കോര്‍ഡ് നേട്ടം തുടരുന്നു. അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ അതിവേഗ സെഞ്ചുറിയുമായി തിളങ്ങുകയാണ് മന്ദാന. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപണര്‍മാരായ മന്ദാനയും പ്രതീക റാവലും മികച്ച തുടക്കമാണ് കുറിച്ചത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 10 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായ മന്ദാന ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമായും റെക്കോര്‍ഡ് സൃഷ്ടിച്ചു. മന്ദാനക്ക് പിറകില്‍ 7 ഏകദിന സെഞ്ചുറികൾ നേടിയ മുൻ ക്യാപ്റ്റൻ മിതാലി രാജാണ് പട്ടികയിലുള്ളത്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ മൂന്നാമത്തെ ബാറ്ററായും സ്‌മൃതി മന്ദാന മാറി. ഇംഗ്ലണ്ടിന്‍റെ ടാമി ബ്യൂമോണ്ടിന്‍റെ 10 ഏകദിന സെഞ്ചുറികളുടെ റെക്കോർഡിനൊപ്പമെത്തി. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്‍റെ പേരിൽ 15 സെഞ്ചുറികളുണ്ട്. 13 സെഞ്ചുറികൾ നേടിയ ന്യൂസിലൻഡ് താരം സൂസി ബേറ്റ്‌സ് രണ്ടാമതുണ്ട്.
കൂടാതെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന ഹർമൻപ്രീത് കൗറിന്‍റെ റെക്കോർഡും മന്ദാന തകർത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 87 പന്തില്‍ കൗർ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ മന്ദാന 70 പന്തിൽ സെഞ്ച്വറി നേട്ടം പൂർത്തിയാക്കി. അയര്‍ലന്‍ഡിനെതിരെ 80 പന്തിൽ 135 റൺസ് ആണ് താരം അടിച്ചെടുത്തത്. 12 ഫോറുകളും രണ്ട് സിക്സുകളും ആണ് സ്വന്തമാക്കിയത്.
വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരമായും മന്ദാന മാറി. ഹർമൻപ്രീത് കൗറിന് തുല്യമായ 52 സിക്‌സുകളാണ് മന്ദാനയ്‌ക്ക് ഇപ്പോഴുള്ളത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഡിയാന്ദ്ര ഡോട്ടിൻ നയിക്കുന്ന പട്ടികയിൽ 89 സിക്സറുകളോടെ ആറാം സ്ഥാനത്താണ്. അതേസമയം ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
വനിതാ ക്രിക്കറ്റിലെ കൂടുതൽ ഏകദിന സെഞ്ചുറികൾ:-
- മെഗ് ലാനിംഗ് - 15
- സൂസി ബേറ്റ്സ് - 13
- സ്മൃതി മന്ദാന - 10