കേരളം

kerala

ETV Bharat / sports

സൂപ്പർ ലീഗ് കേരള: കൊച്ചി പൈപ്പേഴ്‌സിന്‍റെ സഹ ഉടമയായി സൂപ്പർതാരം പൃഥ്വിരാജ് - Prithviraj stake in Kochi Pipers FC

കേരള ഫുട്‌ബോൾ അസോസിയേഷനും സ്‌കോർലൈൻ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് സൂപ്പർ ലീഗ് കേരള സംഘടിപ്പിക്കുന്നത്.

ACTOR PRITHVIRAJ SUKUMARAN  SUPER LEAGUE KERALA  KOCHI PIPERS FC  സൂപ്പർ ലീഗ് കേരള പൃഥ്വിരാജ്
Representative Image (Official Facebook)

By ETV Bharat Kerala Team

Published : Jun 28, 2024, 3:44 PM IST

Updated : Jun 28, 2024, 4:07 PM IST

കൊച്ചി :സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ ലീഗിന്‍റെ കൊച്ചി ടീമിൻ്റെ ഉടമസ്ഥരായി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. കേരളത്തിൻ്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിലെ ടീമുകളിലൊന്നായ കൊച്ചി എഫ്.സിയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സ്വന്തമാക്കിയത്. ബോളിവുഡ് സിനിമാ താരങ്ങളെ പോലെ മലയാള ചലച്ചിത്ര താരങ്ങളും പ്രഫഷണൽ ഫുട്ബോളിൽ നിക്ഷേപകരായി മാറുന്നതിൻ്റെ തുടക്കം കൂടിയാണിത്.

കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്‌ടിക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിൻ്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെൻ്റിനാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരള സൂപ്പർ ലീഗിലെ ടീമുകളിലൊന്നിൻ്റെ ഉടമയായി പൃഥ്വിരാജ് എത്തുന്നത് കേരള സൂപ്പർ ലീഗിനാകെ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടൻ പൃഥ്വിരാജിൻ്റെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെൻ്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു.

ഈ വർഷം ഓഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനിൽക്കുന്ന സൂപ്പർ ലീഗ് കായിക കേരളത്തിന് ആവേശമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആഗോള ഫുട്ബോൾ കളിയാവേശങ്ങൾക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പർ ലീഗ് കേരള പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോൻ പറഞ്ഞു. ലോകം തന്നെ അത്ഭുത്തത്തോടെ നോക്കുന്ന ഫുട്ബോൾ ആരാധകരുള്ള സ്ഥലമാണ് കേരളം. അവിടെ നടക്കുന്ന ആദ്യ ഫുട്ബോൾ ലീഗിൽ കൂടുതൽ വനിത കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തൻ്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ വ്യക്തമാക്കി.

സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി നടൻ പൃഥ്വിരാജിൻ്റെ സാന്നിധ്യം ലീഗിനെ കൂടുതൽ ആകർഷണീയമാക്കുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾ ലീഗിൻ്റെ ഭാഗമാകാൻ ഇത് പ്രചോദനമാകുമെന്ന് സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാനും പറഞ്ഞു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണിൽ സൂപ്പർ ലീഗിൽ മാറ്റുരയ്ക്കുന്നത്. പൃഥ്വിരാജിൻ്റെ ഉൾപ്പെടെയുള
നിക്ഷേപങ്ങൾ കേരള ഫുട്ബോളിനും നമ്മുടെ സംസ്ഥാനത്തിൻ്റെ കായിക സമ്പദ് വ്യവസ്ഥയ്ക്കും ഉത്തേജനമാകുമെന്നാണ് സംഘാടകർ കരുതുന്നത്. മറ്റ് വ്യവസായങ്ങളിൽ നിന്നുള്ള കൂടുതൽ പങ്കാളിത്തം കായികരംഗത്തെ അടുത്ത തലത്തിലേക്ക് വളരാൻ സഹായിക്കുമെന്ന് കെഎഫ്എ പ്രസിഡൻ്റ് നവാസ് മീരാൻ അഭിപ്രായപ്പെട്ടു.

നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണ് കൊച്ചി എഫ്‌സി ടീമിൻ്റെ സഹ ഉടമകൾ. നേരത്തെ തൃശൂർ റോർ എഫ്‌സിയിൽ നിക്ഷേപം നടത്താൻ പൃഥ്വിരാജ് താൽപ്പര്യം പ്രകടിപ്പിച്ചിരുതായും, ചർച്ചകൾ നടത്തിയതായും സൂചനകളുണ്ടായിരുന്നു.

കൊച്ചി എഫ്.സി, കണ്ണൂർ സ്ക്വാഡ്, കാലിക്കറ്റ് എഫ്.സി, മലപ്പുറം എഫ്.സി, തൃശൂര്‍ റോർ, തിരുവനന്തപുരം കൊമ്പൻസ് എന്നീ ആറുടീമുകളും സൂപ്പർ ലീഗിൽ മത്സരിക്കും. സൂപ്പർ ലീഗ് കേരളയിലൂടെ സംസ്ഥാനത്തെ മികച്ച താരങ്ങൾക്ക് വിദേശ താരങ്ങൾക്ക് ഒപ്പം കളിച്ചു തങ്ങളുടെ കഴിവ് മികച്ചതാക്കാൻ കഴിയും. ഏഷ്യൻ താരങ്ങൾക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും പരിശീലകരും ടീമുകളുടെ ഭാഗമാകും.

കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈനും സംയുക്തമായാണ് കേരള സൂപ്പർ ലീഗ് സംഘടിപ്പിക്കുന്നത്. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, മഞ്ചേരി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

Also Read :'ഒരു യഥാർഥ ഇതിഹാസത്തെ നമുക്ക് നഷ്‌ടപ്പെട്ടു'; റാമോജി റാവുവിന്‍റെ നിര്യാണത്തിൽ പൃഥ്വിരാജ് - Prithviraj pay tribute to Ramoji Rao

Last Updated : Jun 28, 2024, 4:07 PM IST

ABOUT THE AUTHOR

...view details