അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ പുരസ്‌കാരങ്ങളില്‍ തിളങ്ങി ഇന്ത്യന്‍ ഹോക്കി താരങ്ങളായ പിആര്‍ ശ്രീജേഷും ഹര്‍മന്‍ പ്രീത് സിങ്ങും. മലയാളി ഇതിഹാസ ഹോക്കി താരമായ ശ്രീജേഷ് ഗോൾകീപ്പർ ഓഫ് ദ ഇയർ' അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് 'പ്ലയർ ഓഫ് ദ ഇയർ' പുരസ്‌കാരത്തിന് അർഹനായി. ഒമാനിൽ നടന്ന 49-ാമത് എഫ്ഐഎച്ച് സ്റ്റാറ്റ്യൂട്ടറി കോൺഗ്രസിൽ നടന്ന ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്‌തത്.
മൂന്നാം തവണയാണ് ‘എഫ്ഐഎച്ച് ഗോൾകീപ്പർ ഓഫ് ദ ഇയർ’ പുരസ്‌കാരം ശ്രീജേഷിനെ തേടിയെത്തുന്നത്. തന്‍റെ കരിയറില്‍ സഹായിച്ച എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. 'ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്. ഈ പുരസ്‌കാരം പൂർണ്ണമായും എന്‍റെ ടീമിന് അവകാശപ്പെട്ടതാണ്, മിക്ക ഗോളുകളും എന്നിലേക്ക് എത്തില്ലെന്ന് ഉറപ്പാക്കിയ പ്രതിരോധവും, ഞാൻ വഴങ്ങിയതിലും കൂടുതൽ ഗോളുകൾ നേടിയ സഹതാരങ്ങള്‍ക്കും പുരസ്‌കാരം സ്വീകരിച്ച ശേഷം ശ്രീജേഷ് നന്ദി പറഞ്ഞു.
നെതർലൻഡിന്‍റെ പിർമിൻ ബ്ലാക്ക്, സ്‌പെയിനിൻ്റെ ലൂയിസ് കാൽസാഡോ, ജർമനിയുടെ ജീൻ പോൾ ഡാനെബർഗ്, അർജൻ്റീനയുടെ തോമസ് സാൻ്റിയാഗോ എന്നിവരെ മറികടന്നാണ് താരം ബഹുമതി കരസ്ഥമാക്കിയത്. രണ്ട് ഒളിമ്പിക്‌സ് മെഡലുകൾക്ക് പുറമേ, ഏഷ്യൻ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെങ്കലവും, രണ്ട് ചാമ്പ്യൻസ് ട്രോഫി വെള്ളി, രണ്ട് കോമൺവെൽത്ത് ഗെയിംസ് വെള്ളി, ഒരു ഏഷ്യാ കപ്പ് വെള്ളി, നാല് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വർണം, വെള്ളി മെഡലുകൾ എന്നിവയും ശ്രീജേഷ് നേടിയിട്ടുണ്ട്.
തൻ്റെ മികച്ച പ്രകടനത്തിലൂടെ ടോക്കിയോയിലും പാരീസ് ഒളിമ്പിക്സിലും ഇന്ത്യയുടെ വെങ്കല മെഡൽ നേടിയ നേട്ടങ്ങളിൽ നിർണായക പങ്കാണ് ശ്രീജേഷ് വഹിച്ചത്.