ജയ്‌പൂർ: നിർബന്ധിത മത പരിവർത്തനം തടയുന്നതിനുള്ള ബിൽ നിയമസഭയില്‍ അവതരിപ്പിക്കാന്‍ രാജസ്ഥാന്‍. മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ബില്ലിന് അംഗീകാരം നൽകി. വരുന്ന നിയമസഭ സമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കുമെന്ന് പാർലമെന്‍ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ അറിയിച്ചു.
10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളോടെയാണ് ബില്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. ആരെങ്കിലും ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കില്‍ 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണമെന്ന് ബില്ലില്‍ നിർദേശിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നടക്കുന്നത് നിർബന്ധിത മതപരിവർത്തനമാണോ അല്ലയോ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് പരിശോധിക്കുമെന്ന് മന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു. മതപരിവർത്തനം നിർബന്ധിതമോ പ്രലോഭനത്തിന് കീഴിലോ അല്ലെന്ന് കണ്ടെത്തിയാൽ അപേക്ഷകനെ മുന്നോട്ട് പോകാൻ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
മത പരിവർത്തന വിരുദ്ധ നിയമങ്ങൾ കൊണ്ടുവരുന്ന ആറാമത്തെ സംസ്ഥാനമാണ് രാജസ്ഥാൻ. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം ഇത്തരം നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 2022-ൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ ഹിമാചൽ പ്രദേശും മത പരിവർത്തനത്തിനെതിരായ നിയമം കൂടുതൽ കർശനമാക്കിയിരുന്നു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഒരു വർഷം മുതൽ 10 വർഷം വരെ തടവും പിഴയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് പട്ടേല്‍ അറിയിച്ചു. വ്യക്തിയോ സ്ഥാപനമോ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ കഠിനമായ ശിക്ഷ നൽകുമെന്നും നിയമത്തിൽ ജാമ്യമില്ലാ കുറ്റങ്ങളടക്കം വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്നും തിരിച്ചറിയാവുന്നതാണെന്നും ജോഗറാം പട്ടേൽ കൂട്ടിച്ചേര്‍ത്തു.
Also Read: 'രാജ്യത്തെ ഒട്ടുമിക്ക പള്ളികളും നിര്‍മിച്ചത് ക്ഷേത്രങ്ങൾ തകർത്ത്': മന്ത്രി മദൻ ദിലാവർ