എറണാകുളം:ഒളിമ്പിക് മെഡല്‍ നേട്ടവുമായി മടങ്ങിയെത്തിയ ഇന്ത്യന്‍ ഹോക്കി ഇതിഹാസം പിആര്‍ ശ്രീജേഷിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ താരത്തെ സ്വീകരിക്കാന്‍ എറണാകുളം ജില്ല കലക്‌ടര്‍, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, സ്കൂൾ വിദ്യാർഥികള്‍ എന്നിങ്ങനെ നീണ്ട നിരയാണ് എത്തിയത്.
ആര്‍പ്പുവിളികളോടെയാണ് ജനക്കൂട്ടം മലയാളികളുടെ സ്വന്തം 'ശ്രീ'യെ വരവേറ്റത്. ഫോട്ടോയെടുക്കാനും ഹാരമണിയിക്കാനും കായിക പ്രേമികൾ തിരക്ക് കൂട്ടിയതോ ഏറെ പണിപ്പെട്ടാണ് എയർപോർട്ടിൽ നിന്നും താരത്തിന് പുറത്ത് കടക്കാൻ കഴിഞ്ഞത്.
ഈ സ്വീകരണം പുതിയ തലമുറയ്ക്ക് പ്രചോദനം:കഴിഞ്ഞ പത്തൊമ്പത് വർഷവും കളി ജയിക്കുന്നതിനെ കുറിച്ച് മാത്രമാണ് താൻ ചിന്തിച്ചതെന്ന് ശ്രീജേഷ് പറഞ്ഞു. കളിയിലെ സമ്മർദ്ദം എങ്ങിനെ നേരിടണമെന്നാണ് പുതു തലമുറ മനസിലാക്കേണ്ടത്. വേൾഡ് കപ്പിലും, ഒളിമ്പിക്‌സിലും മത്സരിക്കുമ്പോൾ വലിയ സമ്മർദമാണ് നേരിടേണ്ടി വരിക.
എന്നാൽ ഈ പ്രഷർ എങ്ങിനെയാണ് നേരിടുകയെന്ന് നമ്മുടെ പല കുട്ടികൾക്കും അറിയില്ല. അത് കൊണ്ട് വലിയ മത്സരങ്ങളിൽ ജയിക്കാൻ കഴിയാതെ വരുന്നത്. തനിക്ക് ലഭിക്കുന്ന ഈ സ്വീകരണം പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാകും. കേരളത്തിലേക്ക് വന്ന മൂന്ന് ഒളിമ്പിക്സ് മെഡലുകളും ഹോക്കിയിൽ നിന്നാണ് ലഭിച്ചത്. ഹോക്കിക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും കേരളത്തിൽ ഒരുക്കണം.
ഹോക്കിയ്‌ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം:മുഖ്യമന്ത്രിയെ കാണുമ്പോൾ തന്‍റെ ആദ്യത്തെ അഭ്യർത്ഥന ഇതായിരിക്കുമെന്നും ശ്രീജേഷ് വ്യക്തമാക്കി. ഒരു ജില്ലയിൽ ഒരു ഹോക്കി സ്റ്റേഡിയ മെങ്കിലും ആവശ്യമാണ്. കളിക്കാൻ സൗകര്യമുണ്ടങ്കിൽ മാത്രമേ കുട്ടികൾ ഹോക്കിയിലേക് വരികയുള്ളൂ. അടിസ്ഥാന സൗകര്യം ഒരുക്കികൊടുക്കുക എന്നതാണ് പുതു തലമുറയ്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു.